
ലോകമെമ്പാടുമുള്ള സിനിമാ-സീരീസ് പ്രേമികളെ ആവേശത്തിലാഴ്ത്തിയ ‘സ്‌ട്രേഞ്ചര്‍ തിങ്‌സ്’ പരമ്പരയുടെ സമാപനത്തോടനുബന്ധിച്ച് ഗാലക്‌സി ഉപയോക്താക്കള്‍ക്കായി സാംസങ്ങ് ഇലക്ട്രോണിക്‌സും നെറ്റ്ഫ്‌ലിക്‌സും കൈകോർക്കുന്നു. 186 രാജ്യങ്ങളിലെ സാംസങ്ങ് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട സീരീസിലെ കഥാപാത്രങ്ങളെയും പശ്ചാത്തലങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള എക്‌സ്‌ക്ലൂസീവ് തീമുകളും വാള്‍പേപ്പറുകളും ഇനി സൗജന്യമായി സ്വന്തമാക്കാം. ഗാലക്‌സി സ്‌റ്റോര്‍ വഴി ലഭ്യമാകുന്ന ഈ പ്രത്യേക സേവനം, നെറ്റ്ഫ്‌ലിക്‌സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കും ഉപയോഗിക്കുന്നവർക്കും നിശ്ചിത കാലയളവിലേക്ക് മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്.
Also Read: ബാറ്ററിയിൽ വിസ്മയം തീർക്കാൻ റിയൽമി; 10,000mAh കരുത്തുള്ള സ്മാർട്ട്‌ഫോൺ ഉടൻ ഇന്ത്യയിലേക്ക്!
2016-ൽ ആരംഭിച്ചത് മുതൽ നെറ്റ്ഫ്‌ലിക്‌സിനെ ആഗോള വിനോദരംഗത്തെ നെറുകയിലെത്തിച്ചതിൽ സ്‌ട്രേഞ്ചര്‍ തിങ്‌സ് വഹിച്ച പങ്ക് വളരെ വലുതാണ്. 2025 നവംബര്‍ 27-ന് പുറത്തിറങ്ങിയ സീസണ്‍ 5-ന്റെ ആദ്യ ഭാഗം വെറും അഞ്ച് ദിവസത്തിനുള്ളില്‍ 59.6 മില്യണ്‍ വ്യൂസ് നേടി ചരിത്രം കുറിച്ചിരുന്നു. 91 രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിയ ഈ സീസൺ, നെറ്റ്ഫ്‌ലിക്‌സിന്റെ ഇംഗ്ലീഷ് ഭാഷാ സീരീസുകളിലെ ഏറ്റവും മികച്ച ഓപ്പണിങ് റെക്കോർഡും സ്വന്തമാക്കി. കൂടാതെ, ഒരേസമയം അഞ്ച് സീസണുകളും ആഗോള ടോപ്പ് 10 ലിസ്റ്റില്‍ ഇടംപിടിച്ച ആദ്യ സീരീസ് എന്ന റെക്കോർഡും അഞ്ച് ആഴ്ച തുടർച്ചയായി ഈ നേട്ടം നിലനിർത്തിയതും സ്‌ട്രേഞ്ചര്‍ തിങ്‌സിന്റെ മാത്രം സവിശേഷതയാണ്.
സീരീസിന്റെ അഞ്ചാം സീസണിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സാംസങ്ങ് തങ്ങളുടെ എക്‌സ്‌ക്ലൂസീവ് ഡിജിറ്റൽ കണ്ടന്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ജനുവരി 12 മുതല്‍ ഫെബ്രുവരി 22 വരെ ലഭ്യമാകുന്ന ഈ പ്രത്യേക കളക്ഷനിൽ ഒരു സ്പെഷ്യൽ തീമും അഞ്ച് വ്യത്യസ്ത വാൾപേപ്പറുകളും ഉൾപ്പെടുന്നു. ഹോക്കിൻസും അപ്‌സൈഡ് ഡൗണും ഉൾപ്പെടെയുള്ള പശ്ചാത്തലങ്ങളിൽ ലൈവ് ആക്ഷൻ കഥാപാത്രങ്ങൾ മിന്നിമറയുന്ന ഈ വാൾപേപ്പറുകൾ ആരാധകർക്ക് പുത്തൻ ദൃശ്യാനുഭവം സമ്മാനിക്കും. സ്‌ട്രേഞ്ചര്‍ തിങ്‌സിന്റെ നിഗൂഢമായ അന്തരീക്ഷം ഉപയോക്താക്കളുടെ സ്മാർട്ട്ഫോൺ സ്ക്രീനുകളിലേക്ക് നേരിട്ടെത്തിക്കുകയാണ് ഈ സഹകരണത്തിലൂടെ സാംസങ്ങ് ലക്ഷ്യമിടുന്നത്.
ജനപ്രിയ ഷോകളെ അടിസ്ഥാനമാക്കി ഉയർന്ന നിലവാരമുള്ള കണ്ടന്റുകൾ പ്രേക്ഷകരിലെത്തിക്കുന്നതിൽ സാംസങ്ങിനും നെറ്റ്ഫ്‌ലിക്‌സിനും ദീർഘകാലത്തെ പാരമ്പര്യമുണ്ട്. നേരത്തെ ‘കെപോപ്പ് ഡീമണ്‍ ഹണ്ടേഴ്‌സ്’ എന്ന ആഗോള ഹിറ്റ് ചിത്രത്തിനായി ഇത്തരത്തിൽ പ്രത്യേക തീമുകൾ അവതരിപ്പിച്ചത് വൻ വിജയമായിരുന്നു. ആ വിജയത്തുടർച്ചയാണ് ഇപ്പോൾ സ്‌ട്രേഞ്ചര്‍ തിങ്‌സിലൂടെയും ആവർത്തിക്കുന്നത്. പരമ്പരയുടെ അവസാന സീസണിലെ എല്ലാ എപ്പിസോഡുകളും ഇപ്പോൾ നെറ്റ്ഫ്‌ലിക്‌സിൽ സ്ട്രീമിംഗ് തുടരുകയാണ്.
The post ഗാലക്‌സി ഉപയോക്താക്കള്‍ക്ക് നെറ്റ്‌ഫ്ലിക്‌സ് സമ്മാനം; സാംസങ്ങുമായി കൈകോർത്ത് ‘സ്‌ട്രേഞ്ചര്‍ തിങ്‌സ്’ സ്പെഷ്യൽ ഓഫർ! appeared first on Express Kerala.



