
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിലായി സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന കെ.പി. ശങ്കരദാസിനെ ജയിലിലേക്കോ മറ്റ് ആശുപത്രിയിലേക്കോ മാറ്റുന്ന കാര്യത്തിൽ ഇന്ന് തീരുമാനമാകും. ജയിൽ ഡോക്ടർമാർ ആശുപത്രിയിലെത്തി അദ്ദേഹത്തെ പരിശോധിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ നിലപാട് സ്വീകരിക്കുക. ഇന്നലെ വൈകുന്നേരം കൊല്ലം വിജിലൻസ് കോടതി ജഡ്ജി ആശുപത്രിയിലെത്തിയാണ് ശങ്കരദാസിനെ 12 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ശങ്കരദാസ് നൽകിയ ജാമ്യാപേക്ഷയും ഇന്ന് കോടതിയുടെ പരിഗണനയ്ക്കു വരുന്നുണ്ട്.
അതേസമയം കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിനെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. ഒരു ദിവസത്തെ ചോദ്യം ചെയ്യലിനായി കൊല്ലം വിജിലൻസ് കോടതിയിൽ അന്വേഷണസംഘം അപേക്ഷ നൽകും. ബോർഡ് തീരുമാനങ്ങൾ എടുത്തിരുന്നത് മുൻ പ്രസിഡന്റ് എ. പത്മകുമാർ ആണെന്നും മിനിട്‌സ് തിരുത്തിയത് തന്റെ അറിവോടെയല്ലെന്നുമാണ് വിജയകുമാർ നൽകിയ മൊഴി. കൂടാതെ, കേസിലെ മറ്റൊരു പ്രതിയായ തന്ത്രിയെ കസ്റ്റഡിയിൽ ലഭിക്കാനും അന്വേഷണ സംഘം ഇന്ന് അപേക്ഷ നൽകിയേക്കും.
Also Read: കേരളത്തിന്റെ കുംഭമേള; തിരുനാവായ മഹാമാഘ മഹോത്സവത്തിന് ഭാരതപ്പുഴയിൽ ഇന്ന് തുടക്കമായി
ശങ്കരദാസിനെ അറസ്റ്റ് ചെയ്യുന്നതിൽ ഉണ്ടായ കാലതാമസത്തെയും അദ്ദേഹത്തിന്റെ ആശുപത്രിവാസത്തെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. മകൻ എസ്.പി ആയതുകൊണ്ടാണ് ശങ്കരദാസ് അറസ്റ്റ് ഒഴിവാക്കി ആശുപത്രിയിൽ തുടരുന്നത് എന്നായിരുന്നു കോടതിയുടെ പരാമർശം. ഇതിനു പിന്നാലെയാണ് എസ്.ഐ.ടി ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. ചികിത്സാ രേഖകൾ ഹാജരാക്കാൻ പ്രോസിക്യൂഷൻ സമയം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്.
The post ശബരിമല സ്വര്‍ണ്ണക്കൊള്ള: ശങ്കരദാസിനെ ആശുപത്രി മാറ്റുന്നതിൽ തീരുമാനം ഇന്ന് appeared first on Express Kerala.



