
കൊല്ലം: പാഠഭാഗം എഴുതിത്തീർത്തില്ലെന്ന കാരണത്താൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ ട്യൂഷൻ സെന്റർ പ്രിൻസിപ്പൽ ക്രൂരമായി അടിച്ചൊടിച്ചു. കൊല്ലം മേവറത്തെ സ്വകാര്യ ട്യൂഷൻ സെന്ററിലാണ് മയ്യനാട് സ്വദേശിയായ പതിനാറുകാരന് നേരെ ഈ അതിക്രമം നടന്നത്. എൻ.എസ്.എസ് (NSS) ക്യാമ്പിൽ പങ്കെടുത്തതിനാൽ ട്യൂഷന് വരാതിരുന്ന ദിവസങ്ങളിലെ നോട്ട്സ് പൂർത്തിയാക്കാൻ കുട്ടിയെ രണ്ടു ദിവസമായി സ്കൂളിൽ വിടാതെ ട്യൂഷൻ സെന്ററിൽ തന്നെ ഇരുത്തി എഴുതിക്കുകയായിരുന്നു. ഇതിനിടെ വൈകുന്നേരം ക്ലാസിലെത്തിയ പ്രിൻസിപ്പൽ, എഴുത്ത് പൂർത്തിയായില്ലെന്ന് ആരോപിച്ച് ചൂരൽ ഉപയോഗിച്ച് കുട്ടിയെ മർദ്ദിക്കുകയായിരുന്നു.
മർദ്ദനമേറ്റ് കുട്ടിയുടെ വലതുകൈയുടെ കൈപ്പത്തിക്കും കൈമുട്ടിനും ഇടയിലുള്ള ഭാഗം പൊട്ടി രക്തം വരികയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ നീലിച്ച പാടുകൾ വീഴുകയും ചെയ്തു. സംഭവം നടന്ന ശേഷം വിദ്യാർത്ഥിയുടെ കൈയിൽ ‘ചെറിയ മുറിവ്’ പറ്റിയെന്ന് വീട്ടുകാരെ വിളിച്ച് അറിയിച്ച സ്ഥാപന ഉടമ, കുട്ടിയെ വീട്ടിൽ കൊണ്ടുവിട്ട ശേഷം മടങ്ങുകയായിരുന്നു. വീട്ടുകാർ ട്യൂഷൻ സെന്റർ പ്രിൻസിപ്പലിനും സ്ഥാപനത്തിനുമെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ്.
The post ട്യൂഷൻ സെന്ററിൽ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം; പാഠഭാഗം എഴുതിയില്ലെന്ന പേരിൽ കൈ അടിച്ചൊടിച്ചു appeared first on Express Kerala.



