
എയർ ഇന്ത്യയും സൗദിയ എയർലൈനും തമ്മിലുള്ള പുതിയ ‘കോഡ് ഷെയറിങ്’ കരാർ ഫെബ്രുവരി മുതൽ പ്രാബല്യത്തിൽ വരുന്നു. ഇതനുസരിച്ച് യാത്രക്കാർക്ക് ഒറ്റ ടിക്കറ്റിൽ തന്നെ കൂടുതൽ നഗരങ്ങളിലേക്ക് സുഗമമായി യാത്ര ചെയ്യാൻ സാധിക്കും. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനും ഈ പുതിയ നീക്കം വലിയ ഗുണം ചെയ്യും. നേരിട്ട് വിമാന സർവീസ് ഇല്ലാത്ത ഇടങ്ങളിലേക്ക് ഒന്നിലധികം കമ്പനികൾ സഹകരിച്ച് ടിക്കറ്റ് നൽകുന്ന രീതിയാണിത്.
പുതിയ കരാർ പ്രകാരം ജിദ്ദയിലേക്കോ റിയാദിലേക്കോ എയർ ഇന്ത്യയിൽ പോകുന്നവർക്ക് അതേ ടിക്കറ്റിൽ തന്നെ സൗദിയ വിമാനങ്ങളിൽ ദമാം, മദീന, ജിസാൻ തുടങ്ങിയ സൗദിയിലെ മറ്റ് നഗരങ്ങളിലേക്ക് പോകാം. അതുപോലെ, സൗദിയ വിമാനങ്ങളിൽ ഡൽഹിയിലോ മുംബൈയിലോ എത്തുന്നവർക്ക് കൊച്ചി ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിലേക്ക് യാത്ര തുടരാൻ എയർ ഇന്ത്യയുടെ സേവനം ലഭ്യമാകും. പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ആശ്വാസകരമാണ് ഈ തീരുമാനം.
The post എയർ ഇന്ത്യയും സൗദിയയും കൈകോർക്കുന്നു; ഒറ്റ ടിക്കറ്റിൽ സൗദിയിലെയും ഇന്ത്യയിലെയും കൂടുതൽ നഗരങ്ങളിലേക്ക് പറക്കാം appeared first on Express Kerala.



