loader image
“രാഷ്ട്രീയമായി ഒതുക്കാൻ ഗൂഢാലോചന നടന്നു”; സിപിഐഎമ്മിനെതിരെ ആഞ്ഞടിച്ച് ഐഷ പോറ്റി, കോൺഗ്രസ് ഭവനിൽ ആവേശകരമായ സ്വീകരണം

“രാഷ്ട്രീയമായി ഒതുക്കാൻ ഗൂഢാലോചന നടന്നു”; സിപിഐഎമ്മിനെതിരെ ആഞ്ഞടിച്ച് ഐഷ പോറ്റി, കോൺഗ്രസ് ഭവനിൽ ആവേശകരമായ സ്വീകരണം

കൊട്ടാരക്കര: മൂന്ന് പതിറ്റാണ്ടുകാലത്തെ ഇടതുപക്ഷ ബന്ധം അവസാനിപ്പിച്ച് കോൺഗ്രസിൽ ചേർന്ന മുൻ എംഎൽഎ ഐഷ പോറ്റിക്ക് കൊട്ടാരക്കര കോൺഗ്രസ് ഭവനിൽ ഉജ്ജ്വല സ്വീകരണം നൽകി. കോൺഗ്രസ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എംപിയിൽ നിന്ന് പാർട്ടി അംഗത്വം സ്വീകരിച്ച അവർ, സിപിഐഎം നേതൃത്വത്തിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. പാർട്ടിയുടെ സാധാരണക്കാരായ പ്രവർത്തകരോട് തനിക്ക് ബഹുമാനമാണുള്ളതെന്നും എന്നാൽ നേതൃനിരയിലെ ചിലരുടെ ഗൂഢാലോചനകൾ തന്നെ രാഷ്ട്രീയമായി ഒതുക്കാൻ ശ്രമിച്ചുവെന്നും ഐഷ പോറ്റി തുറന്നടിച്ചു. തന്നെ അവഗണിക്കാനും പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനും പാർട്ടിയിൽ ആസൂത്രിതമായ നീക്കങ്ങൾ നടന്നതായി അവർ ആരോപിച്ചു.

Also Read: രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യഹർജി തിരുവല്ല കോടതി ഇന്ന് പരിഗണിക്കും

കൊട്ടാരക്കരയിൽ താൻ മുൻകൈയെടുത്ത് നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങുകളിൽ നിന്ന് പോലും തന്നെ തഴഞ്ഞതായി ഐഷ പോറ്റി പറഞ്ഞു. ഔദ്യോഗിക ചടങ്ങുകളിൽ തന്റെ പേര് ഒഴിവാക്കാനും ഉദ്യോഗസ്ഥരെ വിട്ട് മാത്രം ക്ഷണിച്ച് തന്നെ അപമാനിക്കാനും ശ്രമമുണ്ടായത് വലിയ വിഷമമുണ്ടാക്കിയെന്ന് അവർ വ്യക്തമാക്കി. കൊട്ടാരക്കരയുടെ വികസനത്തിനായി വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും, എന്നാൽ അർഹമായ അംഗീകാരം നൽകുന്നതിന് പകരം തന്നെ ഒതുക്കാനാണ് പാർട്ടിക്കുള്ളിലെ ഒരു വിഭാഗം ശ്രമിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

See also  റീച്ചിന് വേണ്ടി ചെയ്തത് കൊടും ക്രൂരത!ഷിംജിതയ്ക്ക് ജാമ്യമില്ല; ജയിലിൽ തുടരും

തുടർച്ചയായി മൂന്ന് തവണ കൊട്ടാരക്കരയെ നിയമസഭയിൽ പ്രതിനിധീകരിച്ച ഐഷ പോറ്റി സിപിഐഎമ്മിന്റെ കരുത്തുറ്റ വനിതാ നേതാവായിരുന്നു. ഒന്നാം പിണറായി സർക്കാരിൽ മന്ത്രിപദവിയിലേക്ക് പരിഗണിക്കപ്പെടുമെന്ന് കരുതിയിരുന്നെങ്കിലും അവസാന നിമിഷം തഴയപ്പെട്ടു. പിന്നീട് രണ്ട് തവണ മത്സരിച്ചവർ മാറണമെന്ന പാർട്ടി നിയമം കർശനമാക്കിയതോടെ സീറ്റ് നിഷേധിക്കപ്പെട്ടതാണ് പാർട്ടിയുമായുള്ള അകൽച്ച പൂർണ്ണമാക്കിയത്.

The post “രാഷ്ട്രീയമായി ഒതുക്കാൻ ഗൂഢാലോചന നടന്നു”; സിപിഐഎമ്മിനെതിരെ ആഞ്ഞടിച്ച് ഐഷ പോറ്റി, കോൺഗ്രസ് ഭവനിൽ ആവേശകരമായ സ്വീകരണം appeared first on Express Kerala.

Spread the love

New Report

Close