
കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ‘വർക്ക് നിയർ ഹോം’ പദ്ധതി നടപ്പിലാക്കി അഞ്ച് ലക്ഷം പേർക്ക് തൊഴിൽ സാഹചര്യമൊരുക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. കൊട്ടാരക്കരയിൽ പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി 19-ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ആഗോള കമ്പനികളെ ഗ്രാമപ്രദേശങ്ങളിലേക്ക് ആകർഷിക്കുന്നതിലൂടെ 5000 കോടി രൂപയുടെ അധിക വരുമാനവും 50,000 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
റിമോട്ട് വർക്കിംഗ്, ഹൈബ്രിഡ് ജോലി രീതികൾ എന്നിവ പ്രോത്സാഹിപ്പിക്കാൻ നഗരതുല്യമായ സാങ്കേതിക സൗകര്യങ്ങൾ ഗ്രാമങ്ങളിൽ ഒരുക്കുകയാണ് ഈ പദ്ധതിയുടെ പ്രത്യേകത. ഇത് കമ്പനികൾക്ക് ഓഫീസ് പരിപാലന ചിലവ് കുറയ്ക്കാനും പ്രൊഫഷണലുകൾക്ക് സ്വന്തം നാട്ടിൽ സമാധാനപരമായി ജോലി ചെയ്യാനും അവസരമൊരുക്കും. ഉയർന്ന ശമ്പളമുള്ള ജോലികൾക്കായി യുവാക്കൾ മെട്രോ നഗരങ്ങളിലേക്കും വിദേശത്തേക്കും കുടിയേറുന്ന സാഹചര്യം കുറയ്ക്കാൻ പദ്ധതി സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Also Read: ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; 17 പേർക്ക് പരിക്ക്
കൊട്ടാരക്കര ബിഎസ്എൻഎൽ കെട്ടിടത്തിൽ സജ്ജീകരിച്ചിരിക്കുന്ന ‘വർക്ക് നിയർ ഹോം’ പദ്ധതിയിൽ ആദ്യഘട്ടത്തിൽ 141 പ്രൊഫഷണലുകൾക്ക് ജോലി ചെയ്യാനുള്ള അത്യാധുനിക സൗകര്യങ്ങൾ ആണ് ഒരുങ്ങുന്നത്. അതിവേഗ ഇന്റർനെറ്റ്, എയർകണ്ടീഷൻഡ് കാബിനുകൾ, മീറ്റിംഗ് റൂമുകൾ തുടങ്ങി ഒരു ഐടി പാർക്കിന് സമാനമായ പ്ലഗ് ആൻഡ് പ്ലേ സൗകര്യങ്ങളാണ് ഇവിടെയുള്ളത്. കെ-ഡിസ്ക് മേൽനോട്ടം വഹിക്കുന്ന ഈ പദ്ധതി കളമശ്ശേരി, പെരിന്തൽമണ്ണ ഉൾപ്പെടെ ഒമ്പത് കേന്ദ്രങ്ങളിൽ കൂടി ഉടൻ പ്രവർത്തനസജ്ജമാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് ജനുവരി 18 മുതൽ 24 വരെ റോബോട്ടിക്സ്, ഡ്രോൺ എക്സ്പീരിയൻഷ്യൽ സോണുകൾ തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള ലേണിംഗ് ഫെസ്റ്റിവലും സംഘടിപ്പിക്കുന്നുണ്ട്.
The post കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ‘വർക്ക് നിയർ ഹോം’; 50,000 പുതിയ തൊഴിലവസരങ്ങളെന്ന് കെ.എൻ ബാലഗോപാൽ appeared first on Express Kerala.



