
ബ്ലോക്ക്ബസ്റ്റർ ചിത്രം ‘തുടരും’ എന്ന സിനിമയ്ക്ക് ശേഷം മോഹൻലാലും തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ സിനിമാലോകത്ത് വലിയ ആവേശമാണ് സൃഷ്ടിക്കുന്നത്. ജനുവരി 23-ന് ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന സിനിമയുടെ തിരക്കഥ, സംവിധായകൻ തരുൺ മൂർത്തി കഴിഞ്ഞ ദിവസം വൈക്കം മഹാദേവ ക്ഷേത്രത്തിൽ പൂജയ്ക്ക് സമർപ്പിച്ചു.
തന്റെ കലയും എഴുത്തുമെല്ലാം ജനിച്ചത് വൈക്കത്തപ്പന്റെ മണ്ണിലാണെന്നും അവിടെ നിന്നുതന്നെ പുതിയ തുടക്കം കുറിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. മോഹൻലാലിന്റെ കരിയറിലെ 365-ാം ചിത്രമെന്ന നിലയിൽ ഇതിനോടകം തന്നെ ഈ പ്രോജക്റ്റ് വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻലാൽ അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.
നേരത്തെ ഇതേ ബാനറിൽ നിശ്ചയിച്ചിരുന്ന മറ്റൊരു സിനിമ മുടങ്ങിയതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി തരുൺ മൂർത്തി ചിത്രം പ്രഖ്യാപിച്ചത്. രതീഷ് രവിയുടെ കഥയിലൊരുങ്ങുന്ന ഈ ചിത്രം ‘ദൃശ്യം 3’-ന് ശേഷം മോഹൻലാൽ നായകനായി എത്തുന്ന സിനിമ എന്ന പ്രത്യേകതയുമുണ്ട്. വരും ദിവസങ്ങളിൽ ചിത്രത്തിന്റെ പേരും മറ്റ് പ്രധാന താരങ്ങളെയും കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ പുറത്തുവരും.
The post ലാലേട്ടന്റെ 365-ാം അങ്കം! തരുൺ മൂർത്തി ചിത്രം വൈക്കത്തപ്പന്റെ മണ്ണിൽ നിന്ന് തുടങ്ങുന്നു; ആരാധകർ ആവേശത്തിൽ appeared first on Express Kerala.



