PUDUKAD-NEWS-PUTHUKAD-NEWS

ക്രൈസ്തവരുടെ പ്രശ്‌നങ്ങളോട് രാഷ്ട്രീയകക്ഷികള്‍ നിസ്സംഗത വെടിയണം: മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട: ക്രൈസ്തവ സമൂഹത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങളോടും ആവശ്യങ്ങളോടും രാഷ്ട്രീയ കക്ഷികള്‍ സ്വീകരിച്ചിട്ടുള്ള നിസ്സംഗനാ മനോഭാവം തിരുത്തണമെന്ന് ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍. 

ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാര്‍ പോളി കണ്ണൂക്കാടന്‍. 

അധികാരത്തിലേറിയാല്‍ ഇത്തരം പ്രശ്‌നങ്ങളില്‍ എന്ത് നടപടികളെടുക്കുമെന്ന് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ ഘട്ടത്തിലെങ്കിലും നേതാക്കള്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പൊതുസമൂഹത്തിന്റെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുള്ള സത്യസന്ധരായ ജനപ്രതിനിധികള്‍ മുന്നോട്ട് വരാന്‍ വിവേകപൂര്‍വ്വം വോട്ടവകാശം വിനിയോഗിക്കണമെന്നും എല്ലാ ഇടവകകളിലും കത്തോലിക്ക കോണ്‍ഗ്രസിന്റെ യൂണിറ്റുകള്‍ ആരംഭിക്കണമെന്നും മാര്‍ പോളി കണ്ണൂക്കാടന്‍ ആഹ്വാനം ചെയ്തു. 

”ക്രൈസ്തവ സമുദായ ശാക്തീകരണം നല്ലൊരു നാളേയ്ക്കായ്” എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയ്ക്ക് കെ.സി.ബി.സി. ജാഗ്രത കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. മൈക്കിള്‍ പുളിക്കൻ, മൂവാറ്റുപുഴ മുൻസിപ്പാലിറ്റി ചെയര്‍പേഴ്‌സണും സംരംഭകയുമായ ജോയ്‌സ് മേരി ആന്റണി, ചങ്ങനാശ്ശേരി അതിരൂപത പി.ആര്‍.ഒ. അഡ്വ. ജോജി ചിറയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

അഡ്വ. ഷൈനി ജോജോ ചിറ്റിലപ്പിള്ളി മോഡറേറ്ററായി.

വികാരി ജനറല്‍മാരായ ആന്റു ആലപ്പാടന്‍, ജോസ് മാളിയേക്കല്‍, വില്‍സണ്‍ ഈരത്തറ, പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി റവ. ഡോ. റിജോയ് പഴയാറ്റില്‍, സെക്രട്ടറിമാരായ ജിയോ ജോസ്, അഡ്വ. ആന്‍ലിന്‍ ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു. 

തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയികളായ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളെ ആദരിക്കുകയും, തുടര്‍ന്ന് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ് നേടിയ രൂപത മാതൃവേദിക്കുള്ള ആദരവും, മിഷന്‍ ഞായറിന്റെ സമ്മാന പ്രഖ്യാപനവും സമ്മാനദാനവും നടത്തി. 

അതോടൊപ്പം ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ സമയബന്ധിതമായി നടപ്പാക്കാനുള്ള ഇച്ഛാശക്തി ഇനിയും പ്രകടമാകേണ്ടിയിരിക്കുന്നുവെന്നും, ക്രൈസ്തവ വിദ്യാലയങ്ങള്‍ക്കും ആശുപത്രികള്‍ക്കും നേരെ കക്ഷിഭേദമെന്യേ കാലാകാലങ്ങളായി സ്വീകരിച്ചുപോരുന്ന വിവേചനവും ചിറ്റമ്മനയം തുടരുന്നതില്‍ ആശങ്കയും ഖേദവും പ്രകടിപ്പിച്ചുകൊണ്ട് ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ പ്രമേയം അവതരിപ്പിച്ചു.

See also  എടതിരിഞ്ഞിയിൽ രാജീവ്ഗാന്ധി അനുസ്മരണം നടത്തി
Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top