PUDUKAD-NEWS-PUTHUKAD-NEWS

ശ്രീ കൂടൽമാണിക്യം തിരുവുത്സവം; സുരക്ഷാക്രമീകരണങ്ങൾ വർധിപ്പിച്ച് അധികൃതർ

ശ്രീകൂടൽമാണിക്യം തിരുവുൽസവം; സുരക്ഷാക്രമീകരണങ്ങൾ വർധിപ്പിച്ച് അധികൃതർ; കൂടുതലായി എൺപതോളം സിസി ക്യാമറകൾ; പാർക്കിംഗ് കേന്ദ്രങ്ങൾ കണ്ടെത്താൻ ക്യൂ ആർ കോഡ് സംവിധാനവും

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ തീരുമാനിച്ച് അധികൃതർ. ക്ഷേത്രത്തിൻ്റെ അകത്തുള്ള സിസി ക്യാമറകൾക്ക് പുറമേ ചുറ്റുമുള്ള റോഡുകളിലായി എൺപതോളം സിസി ക്യാമറകൾ സ്ഥാപിക്കാൻ ദേവസ്വം ഓഫീസിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിൽ തീരുമാനമായി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് യോഗം ചേർന്നത്. ഉൽസവത്തിന് മുമ്പായി കുട്ടംകുളം റോഡ് ഗതാഗതയോഗ്യമാക്കുമെന്നും തിരക്ക് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി കിഴക്കേ നടയിൽ ഉള്ള ആനപ്പടി വാതിലിൻ്റെ വീതി കൂട്ടുന്ന പ്രവൃത്തി പൂർത്തികരിച്ചതായും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി അഞ്ച് കേന്ദ്രങ്ങൾ ഉണ്ടാകുമെന്നും രണ്ട് ആംബുലൻസ് അടക്കമുള്ള ആരോഗ്യ വകുപ്പിൻ്റെ സേവനം ഉണ്ടാകുമെന്നും ചുറ്റുമുള്ള റോഡുകളുടെ ടാറിംഗ് പ്രവ്യത്തികൾ പൂർത്തികരിച്ച് വരികയാണെന്നും ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി യോഗത്തിൽ അറിയിച്ചു. രണ്ട് മേഖലകളിലായി തിരിച്ച് 250 ഓളം പോലീസ് ഉദ്യോഗസ്ഥരെ ക്രമസമാധാന പരിപാലനത്തിനും തിരക്ക് നിയന്ത്രിക്കുന്നതിനും നിയമിക്കുമെന്നും ദേവസ്വം നിശ്ചിയിച്ചിട്ടുള്ള പാർക്കിംഗ് കേന്ദ്രങ്ങൾ കണ്ടെത്താൻ പ്രത്യേക ക്യൂ ആർ കോഡ് സംവിധാനവും സുരക്ഷാ ക്രമീകരണങ്ങൾ എകോപിപ്പിക്കുന്നതിനായി പ്രത്യേക ലെയ്സൺ ഓഫീസറെ നിയമിച്ചിട്ടുണ്ടെന്നും മഫ്തി പോലീസ്, പിങ്ക് പോലീസ് , ഡ്രോൺ നിരീക്ഷണം , ബൈക്ക് പട്രോളിംഗ് എന്നിവ ഉണ്ടാകുമെന്നും യോഗത്തിൽ പങ്കെടുത്ത ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു . അമ്പലത്തിനകത്ത് മാത്യക്കൽ ദർശനം ഉൾപ്പെടെയുള്ള ചടങ്ങുകളുടെ സമയത്ത് വനിത പോലീസിൻ്റെ സേവനം ഉറപ്പുവരുത്തണമെന്നും ദേവസ്വം അധികൃതർ ആവശ്യപ്പെട്ടു. ആരോഗ്യ വകുപ്പിനോടൊപ്പം ഡോക്ടറുടെ സാന്നിധ്യവും ഉറപ്പുവരുത്തണമെന്നും ആവശ്യമുയർന്നു. ആനകളുടെ പരിശോധനകൾക്കായി വിദഗ്ധ സ്‌ക്വാഡിൻ്റെ സേവനം ഉണ്ടാകുമെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പതിനൊന്ന് ദിവസവും ശുചീകരണ പ്രവ്യത്തികൾക്കായി 24 ജീവനക്കാരെ തയ്യാറാക്കിയിട്ടുണ്ടെന്നും വെള്ളത്തിൻ്റെ ഗുണ നിലവാരം ഉറപ്പാക്കാൻ ശ്രദ്ധിക്കണമെന്നും നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. അമ്പലത്തിൻ്റെ ചുറ്റുമുള്ള പ്രദേശങ്ങളിലെ ലൈൻ കമ്പികൾ എല്ലാം മാറ്റി കേബിൾ ആക്കിയിട്ടുണ്ടെന്നും അടുത്തുള്ള ട്രാൻസ്ഫോമർ നവീകരിച്ചിട്ടുണ്ടെന്നും കെഎസ്ഇബി അധികൃതർ അറിയിച്ചു . ഉൽസവ ദിനങ്ങളിൽ വൈദ്യുതി തടസ്സങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്ന് മന്ത്രി ഡോ ആർ ബിന്ദു ആവശ്യപെട്ടു. ദേവസ്വം ഭരണ സമിതി അംഗങ്ങളായ മുരളി ഹരിതം , വി സി പ്രഭാകരൻ , രാഘവൻ മുളങ്ങാടൻ, കെ ബിന്ദു, അഡ്മിനിസ്ട്രേറ്റർ ജി എസ് രാധേഷ് , വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു .

Spread the love
See also  ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top