ഇരിങ്ങാലക്കുട : ആളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെയും നഴ്സിനെയും അസഭ്യം പറയുകയും, ആശുപത്രി ഉപകരണങ്ങൾ തല്ലിത്തകർത്ത് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ട് പേരെ ആളൂർ പൊലീസ് അറസ്റ്റ് ചെയ്തു.
ആളൂർ സ്വദേശികളായ അരിക്കാട്ട് വീട്ടിൽ ഡെൽവിൻ (32), വയമേലി വീട്ടിൽ സുജിത്ത് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:45 ഓടെയാണ് സംഭവം.
റോഡപകടത്തിൽ കാലിന്റെ വിരലിൽ ചെറിയ പരിക്കേറ്റ് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയതായിരുന്നു പ്രതികൾ. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് ഒരു ചെറിയ കുട്ടിക്ക് ഇൻജക്ഷൻ നൽകിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ തങ്ങളെ ആദ്യം ചികിത്സിച്ചില്ലെന്ന് ആരോപിച്ച് പ്രതികൾ നഴ്സിനോട് തട്ടിക്കയറുകയും അസഭ്യം പറയുകയുമായിരുന്നു.
ബഹളം കേട്ടെത്തിയ ഡ്യൂട്ടി ഡോക്ടർ പ്രതികളോട് ഡ്രെസ്സിംഗ് റൂമിലേക്ക് വരാൻ ആവശ്യപ്പെട്ടപ്പോൾ, ഇവർ ഡോക്ടർക്ക് നേരെ തിരിഞ്ഞു.
തുടർന്ന് അക്രമാസക്തരായ പ്രതികൾ നഴ്സിംഗ് റൂമിലെ കസേരകൾ മറിച്ചിടുകയും, മേശപ്പുറത്തിരുന്ന മരുന്നുകളും ആശുപത്രി ഉപകരണങ്ങളും തട്ടിമറിച്ചിടുകയുമായിരുന്നു. കൂടാതെ ഡോക്ടറുടെയും നഴ്സിന്റെയും ചിത്രങ്ങളും വീഡിയോകളും ഇവരുടെ അനുവാദമില്ലാതെ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു.
ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ആളൂർ പൊലീസ് സംഘം പ്രതികളെ കസ്റ്റഡിയിലെടുത്തു.
പ്രതികൾക്കെതിരെ ഭാരതിയ ന്യായ സംഹിതയിലെ വകുപ്പുകൾക്ക് പുറമെ കേരള ഹെൽത്ത് കെയർ സർവീസ് പേഴ്സൺസ് ആൻഡ് ഹെൽത്ത്‌കെയർ സർവീസ് ഇൻസ്റ്റിറ്റ്യൂഷൻസ് (പ്രിവൻഷൻ ഓഫ് വയലൻസ് ആൻഡ് ഡാമേജ് ടു പ്രോപ്പർട്ടി) ആക്ടിലെ ജാമ്യമില്ലാ വകുപ്പുകൾ കൂട്ടിച്ചേർത്ത് കേസെടുത്തു.
ആളൂർ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരുന്നു.
ഡെൽവിൻ ആളൂർ, അരൂർ, കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷൻ എന്നീ സ്റ്റേഷനുകളിലായി ഒരു പോക്സോ കേസിലും, ആർപിഎഫ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ ഒരു കേസിലും ഉൾപ്പെടെ 10 ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
ആളൂർ സ്റ്റേഷൻ എസ്എച്ച്ഒ കെ.വി. ഹരിക്കുട്ടനും സംഘവുമാണ് പ്രതികളെ പിടികൂടിയത്.




