പ്രതിസന്ധിയിലായ ഇരിങ്ങാലക്കുട ടൗൺ സഹകരണബാങ്കിനെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടിക്ക് പ്രഥമ പരിഗണനയെന്ന് ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ; ബാങ്കിൽ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് ഫൊറൻസിക് ഓഡിറ്റ് ആരംഭിച്ച് കഴിഞ്ഞതായും കമ്മിറ്റി
ഇരിങ്ങാലക്കുട : പ്രതിസന്ധിയിലായ ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിനെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടിയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് അഡ്മിനിസ്ട്രീവ് കമ്മിറ്റി . പ്രവർത്തനങ്ങളിലും ലോണുകൾ അനുവദിച്ചതിലും വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്നാണ് ബാങ്കിൽ ആർബിഐ നിയന്ത്രണങ്ങൾ കൊണ്ട് വന്നത്. കിട്ടാക്കടങ്ങൾ അടപ്പിച്ച് നിക്ഷേപകർക്ക് നിക്ഷേപ തുകകൾ തിരിച്ച് നൽകി പഴയ രീതിയിലേക്ക് പ്രവർത്തനങ്ങൾ കൊണ്ട് വരാനാണ് ശ്രമം നടത്തുന്നത്. സമയമെടുക്കുന്ന പ്രക്രിയയാണിത്. മറ്റ് ബാങ്കുകളുമായി ലയിപ്പിക്കുക എന്നതാണ് രണ്ടാമത്തെ മാർഗ്ഗം. തമിഴ്നാട്ടിലെ ചില പ്രമുഖ ബാങ്കുകളുമായി സംസാരിച്ച് കഴിഞ്ഞിട്ടുണ്ട്. രണ്ട് വഴികളും ഒരു പോലെ തുടരനാണ് ആർബിഐ നിർദ്ദേശം തന്നിട്ടുള്ളത്. പഴയത് പോലെ സംസ്ഥാന ഗവൺമെൻ്റിൻ്റെ നിയന്ത്രണത്തിലുള്ള സൊസൈറ്റി ആക്കി മാറ്റുക എന്നതാണ് മൂന്നാമത്തെ വഴി. ഒട്ടേറെ നടപടി ക്രമങ്ങളും ഉന്നതതല തീരുമാനങ്ങളും ഇതിന് ആവശ്യമുണ്ട്. ലിക്വിഡേറ്റ് ചെയ്യുക എന്നതാണ് അവസാനത്തെ മാർഗ്ഗമെന്ന് ബാങ്ക് കോൺഫ്രറൻസ് ഹാളിൽ നടന്ന യോഗത്തിൽ നിക്ഷേപകരോട് അഡ്മിനിസ്ട്രേറ്റർ ഗോപീകൃഷ്ണൻ പറഞ്ഞു.
ബാങ്കിൻ്റെ ഇത്രയും കാലത്തെ പ്രവർത്തനങ്ങളെ സംബന്ധിച്ച് ഫോറൻസിക് ഓഡിറ്റ് ആരംഭിച്ച് കഴിഞ്ഞതായും നിക്ഷേപകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അഡ്മിനിസ്ട്രേറ്റർ വെളിപ്പെടുത്തി . ക്രമക്കേടുകൾ കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെ നടപടി ഉണ്ടാകും. ചിലവുകൾ കുറയ്ക്കുന്നതിൻ്റെ ഭാഗമായി 38 താത്കാലിക ജീവനക്കാരെ പിരിച്ച് വിട്ടിട്ടുണ്ട്. വിരമിച്ചവർക്ക് പകരം ആരെയും നിയമിച്ചിട്ടില്ല. നിക്ഷേപകരുടെ ആശങ്കകളും വികാരങ്ങളും ആർബിഐ അധികൃതരെ അറിയിക്കും. അഡ്വൈസറി കമ്മിറ്റി അംഗങ്ങളായ കെ മോഹനൻ, ടി എം മോഹൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.



