തെരുവുനായ സംരക്ഷണ ഷെൽട്ടർ നിർമ്മിക്കാൻ അനുയോജ്യമായ സ്ഥലം തേടി ഇരിങ്ങാലക്കുട നഗരസഭ; പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് മൂർക്കനാട് ഡോഗ് ഷെൽട്ടർ സ്ഥാപിക്കാനുള്ള തീരുമാനത്തിൽ തുടർ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് സമരസമിതിക്ക് വിശദീകരണവും നൽകി നഗരസഭ അധികൃതർ
ഇരിങ്ങാലക്കുട : തെരുവുനായ സംരക്ഷണ ഷെൽട്ടർ നിർമ്മിക്കാനായി അനുയോജ്യമായ സ്ഥലം തേടി ഇരിങ്ങാലക്കുട നഗരസഭ. അനുയോജ്യമായ 25 സെൻ്റ് കരഭൂമി അഞ്ച് വർഷത്തേക്ക് പ്രതിമാസ വാടകയ്ക്ക് വിട്ടുനൽകാൻ അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള പരസ്യം നഗരസഭ നൽകിക്കഴിഞ്ഞു. നഗരസഭയുടെ മൂർക്കനാട് ഒന്നാം വാർഡിൽ വള്ളിക്കാഞ്ഞിരത്ത് ഡോഗ് ഷെൽട്ടറിനായി 40 സെൻ്റ് സ്ഥലം പതിനായിരം രൂപ വാടകയ്ക്ക് കണ്ടെത്തിയിട്ടുള്ളതായി നേരത്തെ കൗൺസിൽ യോഗത്തിൽ അറിയിച്ചിരുന്നു. എന്നാൽ നടപടിക്രമങ്ങൾ പാലിക്കാതെ വാർഡ് കൗൺസിലർ കൂടിയായ വൈസ് ചെയർപേഴ്സൻ്റെ അടുത്ത ബന്ധുവിൻ്റെ വെള്ളക്കെട്ട് ഭീഷണിയുള്ള സ്ഥലം തിരഞ്ഞെടുത്തതിൽ വിമർശനം ഉയർന്നിരുന്നു. ഇതേ തുടർന്ന് നടപടികൾ നിയമവിധേയമാക്കാനുള്ള നടപടികളുടെ ഭാഗമായിട്ടാണ് താൽപ്പര്യപത്രം ക്ഷണിച്ചിരിക്കുന്നതെന്നാണ് സൂചന. വെള്ളക്കെട്ട് ഭീഷണിയും പാരിസ്ഥിതിക വിഷയങ്ങളും ചൂണ്ടിക്കാട്ടി സമര രംഗത്തുള്ള ഒന്നാം വാർഡിലെ കൂട്ടായ്മ സെക്രട്ടറിക്കും ഇത് സംബന്ധിച്ച് കത്ത് നൽകിയിട്ടുണ്ട്. പ്രദേശവാസികളുടെ എതിർപ്പും ആശങ്കയും കണക്കിലെടുത്ത് വള്ളിക്കാഞ്ഞിരത്ത് ഡോഗ് ഷെൽട്ടർ സ്ഥാപിക്കാനുള്ള കൗൺസിൽ തീരുമാനത്തിൽ തുടർ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്



