കാറളം പഞ്ചായത്ത് ചെമ്മണ്ടയിൽ അപകട ഭീഷണി ഉയർത്തുന്ന കിണർ മൂടാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതിയുടെ പ്രതിഷേധസമരം; ജില്ലാ ഭരണകൂടത്തെ സാഹചര്യം ധരിപ്പിക്കുമെന്ന ഉറപ്പ് നൽകി റവന്യൂ അധികൃതർ
ഇരിങ്ങാലക്കുട : കാറളം പഞ്ചായത്ത് നാലാം വാർഡിൽ ചെമ്മണ്ട നാല് സെൻ്റ് ഉന്നതിയിൽ അപകടാവസ്ഥയിലായ കിണർ മൂടണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളുടെ പ്രതിഷേധ സമരം.എട്ട് വർഷത്തോളമായി ഉപയോഗശൂന്യമായി തുടരുന്ന കിണറിനോട് ചേർന്ന് ഗർത്തം രൂപപ്പെട്ടത് അടുത്തുള്ള കുടുംബങ്ങളെ ആശങ്കയിലാക്കിയിരുന്നു. അപകട ഭീഷണിയെ തുടർന്ന് ഒരു കുടുംബം താമസം മാറ്റുകയും ചെയ്തു. ഉപയോഗശൂന്യമായ കിണർ മൂടി അപകടാവസ്ഥ ഒഴിവാക്കണമെന്ന ആവശ്യം നാളുകളായി മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗങ്ങളിൽ അടക്കം ഉയരാറുണ്ടെങ്കിലും കിണർ അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കണമെന്ന നിർദ്ദേശമാണ് ജില്ലാ ഭരണകൂടത്തിൽ നിന്നും ലഭിച്ചത്. എന്നാൽ ഇടിഞ്ഞ അവസ്ഥയിലുള്ള കിണർ അടിയന്തരമായി മൂടി അപകടാവസ്ഥ ഒഴിവാക്കണമെന്ന് വ്യാഴാഴ്ച ചേർന്ന അടിയന്തരഭരണസമിതി യോഗം തീരുമാനിക്കുകയായിരുന്നു. തുടർന്ന് ആവശ്യം നേടിയെടുക്കുന്നത് വരെ സമരം പ്രഖ്യാപിച്ച് പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ ശിവൻകുട്ടിയുടെ നേതൃത്വത്തിൽ മുഴുവൻ ഭരണസമിതി അംഗങ്ങളും കിണർ സ്ഥിതി ചെയ്യുന്ന ഉന്നതിയിൽ എത്തുകയായിരുന്നു. മുകുന്ദപുരം തഹസിൽദാറുടെ നിർദ്ദേശമനുസരിച്ച് സ്ഥലത്ത് എത്തിയ ഡെപ്യൂട്ടി തഹസിൽദാർ കെ ബിന്ദു, വില്ലേജ് ഓഫീസർ വൃന്ദാദേവി എന്നിവർ നൽകിയ ഉറപ്പിൻ്റെ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചത്. പഞ്ചായത്ത് കമ്മിറ്റിയുടെ അടിയന്തര പ്രമേയം ജില്ലാ ഭരണകൂടത്തിന് ഉടൻ തന്നെ അയച്ച് നൽകുമെന്നും സ്ഥലത്തെ അപകട സാഹചര്യം തഹസിൽദാരെ ധരിപ്പിക്കുമെന്നും സ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥ സംഘം അറിയിച്ചു. ഇതേ തുടർന്നാണ് സമരക്കാർ പിരിഞ്ഞ് പോയത്. വിവരമറിഞ്ഞ് കാട്ടൂർ പോലീസും സ്ഥലത്ത് എത്തിയിരുന്നു.



