"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഇരിങ്ങാലക്കുട നഗരസഭയുടെ ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് വീണ്ടും ബ്രേക്ക്

September 4, 2026
Share this post to
🌐 Select your Language:

Current: മലയാളം

നഗരസഭയുടെ ” ടേക്ക് എ ബ്രേക്ക് ” പദ്ധതിക്ക് വീണ്ടും ബ്രേക്ക്

ഇരിങ്ങാലക്കുട : 2022 ഡിസംബറിൽ തദ്ദേശ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യുകയും പിന്നീട് ദീർഘകാലം ഏറ്റെടുക്കാൻ ആരുമില്ലാതെ അടച്ചിടുകയും തുടർന്ന് നഗരസഭയിലെ താത്കാലിക ജീവനക്കാരൻ്റെ ബന്ധു അഞ്ച് മാസത്തോളം തട്ടുകട ശൈലിയിൽ നടത്തി പൂട്ടിടുകയും ഒടുവിൽ കണ്ടിജൻ്റ് ജീവനക്കാരനെ വച്ച് ടോയ്ലറ്റ് സേവനങ്ങൾ മാത്രമായി നഗരസഭ നേരിട്ട് നടത്തിയ ” ടേക്ക് എ ബ്രേക്ക് ” പദ്ധതിക്ക് വീണ്ടും ബ്രേക്ക്. ദേശീയ സംസ്ഥാന പാതയോരങ്ങളിലൂടെ കുടുംബസമേതം യാത്ര ചെയ്യുന്നവർക്ക് സുരക്ഷിതവും ഉന്നത നിലവാരമുള്ളതുമായ ശുചി മുറികൾ ലഭ്യമാക്കുക എന്ന സംസ്ഥാന സർക്കാരിൻ്റെ തന്നെ കാഴ്ചപ്പാടിൻ്റെ ഭാഗമായിട്ടാണ് ഇരുപത് ലക്ഷത്തോളം രൂപ ചിലവഴിച്ച് എഴ് ടോയ്ലറ്റുകളും ബാത്ത്റൂമും വിശ്രമമുറിയുമടങ്ങുന്ന കെട്ടിടം ഠാണാവിൽ പൂതംക്കുളത്തിന് സമീപത്തായി നിർമ്മിച്ചത്. കോഫി ഷോപ്പും റിഫ്രഷ്മെൻ്റ് സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിട്ടിരുന്നു. ശുചീകരണ സംവിധാനങ്ങൾക്കായി ടാങ്കുകൾ സ്ഥാപിക്കാൻ 2023-24 വർഷത്തിൽ നാല് ലക്ഷം രൂപ കൂടി നഗരസഭ ചിലവഴിച്ചു. 2024 ൽ നഗരസഭയിലെ താത്കാലിക ജീവനക്കാരൻ്റെ ബന്ധു 4.5 ലക്ഷം രൂപ വാടകയ്ക്ക് എറ്റെടുത്ത് പ്രവർത്തനം ആരംഭിച്ചെങ്കിലും അഞ്ച് മാസം മാത്രമാണ് ബ്രേക്ക് ഇല്ലാതെ പ്രവർത്തിച്ചത്. വിമർശനങ്ങൾ ഉയർന്നതിനെ തുടർന്നാണ് 4000 രൂപ പ്രതിമാസ വാടകയ്ക്ക് കുടുംബശ്രീ സിഡിഎസിനെ നടത്തിപ്പ് എല്പിക്കാൻ നഗരസഭ കൗൺസിൽ തീരുമാനിച്ചത്. എന്നാൽ ചായയും ചെറുകടികളും മിഠായിയും മാത്രമേ വില്ക്കാൻ പാടുള്ളൂവെന്നും കെട്ടിടത്തിൻ്റെ അറ്റകുറ്റപ്പണികൾ സിഡിഎസ് തന്നെ ചെയ്യണമെന്നും വീട്ടിൽ നിന്ന് പോലും ഭക്ഷണം ഉണ്ടാക്കി കൊണ്ട് വന്ന് നൽകാൻ കഴിയില്ലെന്നുമുള്ള നിബന്ധനകൾ അംഗീകരിക്കാൻ കഴിയില്ലെന്നും ലാഭകരമായി നടത്താൻ കഴിയില്ലെന്നും കുടുംബശ്രീ സിഡിഎസും അറിയിച്ചതോടെ കണ്ടിജൻ്റ് ജീവനക്കാരനെ വച്ച് ടോയ്‌ലറ്റ് സൗകര്യങ്ങൾ മാത്രമായി പദ്ധതി നഗരസഭ നേരിട്ട് ഉന്തി തള്ളുകയായിരുന്നു. പദ്ധതിയുടെ നടത്തിപ്പ് പൊറത്തിശ്ശേരി സ്വദേശി ലേലത്തിലൂടെ 25000 രൂപ അഡ്വാൻസും 10500 രൂപ പ്രതിമാസ വാടകയും എന്ന വ്യവസ്ഥകളിൽ ഏറ്റെടുത്തതോടെയാണ് അറ്റകുറ്റപ്പണികൾക്കായി നാല് വർഷം മുമ്പ് മാത്രം ഉദ്ഘാടനം ചെയ്ത കെട്ടിടം അടച്ചിട്ടിരിക്കുന്നത്.

Get more updates from Pudukad News on Google