"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കേരള കോൺഗ്രസ് ജോസഫ് വിഭാഗം യോഗത്തിൽ സംഘർഷം; നാല് പേർക്ക് പരിക്കേറ്റു

September 19, 2026
Share this post to
🌐 Select your Language:

Current: മലയാളം

കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗം ഇരിങ്ങാലക്കുടയിൽ വിളിച്ച് ചേർത്ത യോഗത്തിനിടയിൽ സംഘർഷം; ഇരുവിഭാഗങ്ങൾ തമ്മിലുള്ള കയ്യാങ്കളിയിൽ നാല് പേർക്ക് പരിക്കേറ്റു

ഇരിങ്ങാലക്കുട : കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡണ്ട് വിളിച്ച് ചേർത്ത ഇരിങ്ങാലക്കുട നിയോജകമണ്ഡലം നേതൃത്വസമ്മേളനത്തെ ചൊല്ലി സംഘർഷം. രണ്ട് മണിക്കൂറോളം നീണ്ട സംഘർഷത്തിനിടയിൽ ഉണ്ടായ കയ്യാങ്കളിയിൽ നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ യൂത്ത് ഫണ്ട് മണ്ഡലം പ്രസിഡണ്ട് രഞ്ജോ ജോണി (35) , യൂത്ത് ഫ്രണ്ട് മണ്ഡലം സെക്രട്ടറി അനേയ് ജാക്സൻ (29 ) , യോഗത്തിൽ പങ്കെടുത്ത കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി ആൻസൻ ഡേവിസ് , കയ്പമംഗലം സ്വദേശിനി ഹസീന എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നരയോടെ സൗത്ത് ബസാർ റോഡിൽ വെള്ളാനിക്കാരൻ കോംപ്ലക്സിൽ കേരള കോൺഗ്രസ് നിയോജകമണ്ഡലം എക്സിക്യൂട്ടീവ് അംഗം ഒ എസ് ടോമിയുടെ അധ്യക്ഷതയിൽ ആരംഭിച്ച യോഗം ജില്ലാ പ്രസിഡണ്ട് സി വി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഈ സമയത്ത് യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം സെക്രട്ടറി അർജ്ജൂൻ പ്രദീപിൻ്റെ നേതൃത്വത്തിൽ കാറിൽ എത്തിയ യൂത്ത് ഫ്രണ്ട് പ്രവർത്തകർ പാർട്ടി ഡെപ്യൂട്ടി ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടനെ അറിയിക്കാതെ നടത്തുന്ന യോഗം നിയമവിരുദ്ധമാണെന്നും നിറുത്തി വയ്ക്കണമെന്നും ആവശ്യപ്പെട്ട് യോഗത്തിലേക്ക് ഇരച്ച് കയറുകയായിരുന്നു. തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ ഉണ്ടായ കയ്യാങ്കളിയിലാണ് രഞ്ജോ, അനേയ് എന്നിവർക്ക് പരിക്കേറ്റത്. വിവരമറിഞ്ഞ് എത്തിയ പോലീസ് സംഘം ഇരുകൂട്ടരെ നിയന്ത്രിച്ച് നിറുത്തിയെങ്കിലും യൂത്ത് ഫണ്ട് സംസ്ഥാന സെക്രട്ടറി വിവേക് വിൻസെൻ്റിൻ്റെ നേതൃത്വത്തിൽ കൂടുതൽ കൂടുതൽ പേർ എത്തുകയായിരുന്നു. പോലീസ് ഇവരെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും ഉന്തലിലും തള്ളലിലും യോഗ വേദിയിൽ ഉണ്ടായിരുന്ന ഹസീന, ആൻസൻ എന്നിവർക്ക് പരിക്കേറ്റു. യോഗം ചേരാൻ പാടില്ലെന്നും യോഗ വേദിയിൽ വച്ചിരിക്കുന്ന ഫ്ലെക്സ് അഴിച്ച് മാറ്റണമെന്നും മാറ്റാതെ തങ്ങൾ മടങ്ങില്ലെന്നും വിവേക് വിൻസെൻ്റ് പറഞ്ഞു. സി ഐ കെ ഒ പ്രദീപിൻ്റെ നേതൃത്വത്തിൽ പോലീസ് അനുനയ സംഭാഷണങ്ങൾക്ക് ഒടുവിൽ അഞ്ചേ മുക്കാലോടെ പോലീസ് ഷട്ടർ ഇടുകയും യോഗം കഴിഞ്ഞതായി പ്രഖ്യാപിക്കുകയുമായിരുന്നു. തുടർന്നാണ് യൂത്ത് ഫ്രണ്ട് പ്രവർത്തകർ പിരിഞ്ഞ് പോയത്. വൈകീട്ടും പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട് .

Get more updates from Pudukad News on Google