നടവരമ്പ് ചിറവളവിലെ നിർമ്മാണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം : നവംബർ 1ന് ബഹുജന കൺവെൻഷൻ നടത്താനൊരുങ്ങി നടവരമ്പ് കൂട്ടായ്മ

ഇരിങ്ങാലക്കുട : നടവരമ്പ് ചിറവളവിലെ നിർമ്മാണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിച്ച് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ ജനപ്രതിനിധികളെയും വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരെയും പങ്കെടുപ്പിച്ച് നടവരമ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നവംബർ 1ന് ലക്ഷംവീട് ടി.വി. ഹാളിൽ വച്ച് ബഹുജന കൺവെൻഷൻ സംഘടിപ്പിക്കും.
നിർമ്മാണത്തിന്റെ ഭാഗമായി ജനജീവിതം ദുസ്സഹമാക്കുന്ന അശാസ്ത്രീയമായ ഗതാഗത നിയന്ത്രണം പുനഃപരിശോധിച്ച് ശാസ്ത്രീയ ഗതാഗതം പുനഃസ്ഥാപിക്കുക, നടവരമ്പ് അംബേദ്കർ ഗ്രാമത്തിലെയും ലക്ഷംവീട് ഗ്രാമത്തിലെയും ശുദ്ധജലവിതരണം പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ബഹുജന കൺവെൻഷൻ സംഘടിപ്പിക്കുന്നത്.
നേരത്തെ ജില്ലയിലെ ഏറ്റവും വലിയ കോൾപാടങ്ങളിൽ ഒന്നായ കണിമംഗലം കോൾപാടത്ത് സമാന്തര റോഡ് ഒരുക്കിയാണ് സംസ്ഥാന പാതയുടെ നിർമ്മാണം അധികൃതർ പൂർത്തീകരിച്ചത്. അതേസമയം ഇവിടെ തികച്ചും ഏകപക്ഷീയമായി പ്രദേശവാസികളോടോ വ്യാപാരി സമൂഹത്തോടോ ആലോചിക്കാതെയാണ് പൂർണ്ണമായും ഗതാഗതം നിരോധിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് കൂട്ടായ്മ ആരോപിച്ചു.
500ലധികം മനുഷ്യർ അധിവസിക്കുന്ന നടവരമ്പ് അംബേദ്കർ ഗ്രാമത്തിലെയും ലക്ഷംവീട് ഗ്രാമത്തിലെയും ശുദ്ധജലവിതരണം പൂർണമായും നിലച്ച അവസ്ഥയിലാണ്. വിദ്യാർഥികൾ, അതിസാധാരണക്കാരായ നൂറുകണക്കിന് തൊഴിലാളികൾ, വ്യാപാരികൾ തുടങ്ങിയവരുടെയെല്ലാം ജീവിതം അങ്ങേയറ്റം ദുരിത പൂർണമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും കൂട്ടായ്മ ചൂണ്ടിക്കാട്ടി




