ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് തടയുന്നതിനായി സംസ്ഥാനത്ത് വ്യാപകമായി നടത്തിയ ഓപ്പറേഷൻ സൈഹണ്ടിൻ്റെ ഭാഗമായി തൃശ്ശൂർ സിറ്റി പോലീസ് വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലായി നടത്തിയ 37 റൈഡുകളിൽ നിന്നും 10 കേസുകൾ രജിസ്റ്റർ ചെയ്തു. 9 പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്നും കൃത്യത്തിന് ഉപയോഗിച്ച മൊബൈലുകളും പാസ് ബുക്കുകളും ചെക്ക് ബുക്കുകളും പോലീസ് കണ്ടെടുത്തു. നെടുപുഴ തയ്യിൽ വീട്ടിൽ ബിനീഷ്, കൈപ്പറമ്പ് പുത്തൻപുരക്കൽ നിതിൻ രാജ്, മണ്ണുത്തി കാളത്തോട് കൊറ്റവിള പുത്തൻവീട്ടിൽ ഷബീർ, വാണിയമ്പാറ കുന്നുംപുറത്ത് ബാബു, എടക്കഴിയൂർ അഴിയത്ത് മുഹമ്മദ് മാലിക്, പോർക്കുളങ്ങാട് പയ്യൂർവീട്ട് അമേഘ്, ഇയ്യാൽ അമ്പതുവീട് നഗർ ചെട്ടിത്തൊടി വിഷ്ണു, കൊണ്ടാഴി താണിക്കൽ രാജീവ്, കോഴിക്കോട് അരിക്കുളം ഉമ്മച്ചാമ്പുറം വൈഷ്ണവ് എന്നിവരാണ് അറസ്റ്റിലായത്. മ്യൂൾ അക്കൗണ്ട് എന്ന പേരിൽ അറിയപ്പെടുന്ന വാടക ബാങ്ക് അക്കൗണ്ടുകളിലൂടെ സൈബർ തട്ടിപ്പുകൾ വ്യാപകമാകുന്നത് തടയുന്നതിനാണ് ഇത്തരം പരിശോധനകൾ ശക്തമാക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഒരാൾ അറിഞ്ഞോ അറിയാതെയോ പ്രതിഫലം ലഭിക്കുന്നതിന് വേണ്ടിയോ സ്വന്തം ബാങ്ക് അക്കൗണ്ട് മറ്റുള്ളവർക്ക് നൽകുന്നു. ഈ അക്കൗണ്ടിലൂടെ സൈബർ തട്ടിപ്പുകാർ തട്ടിപ്പ് പണം പിൻവലിക്കുമ്പോൾ ആ വ്യക്തി സൈബർ തട്ടിപ്പിൽ ഉൾപ്പെടുകയാണ് ചെയ്യുന്നത്. ഇത്തരം തട്ടിപ്പുകളെ കരുതിയിരിക്കണം എന്നും സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ഇരയായാൽ ഉടൻതന്നെ 1930 എന്ന സൈബർ ലൈൻ നമ്പറിൽ വിളിക്കണം എന്നും പോലീസ് അറിയിച്ചു.



