വിവിധ കോടതികൾ ശിക്ഷ വിധിച്ച ശേഷം വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന 22 പ്രതികളെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. ജാമ്യമില്ല ശിക്ഷാവിധി വാറൻ്റ് നിലവിലുണ്ടായിരുന്ന ഇവരെ വിവിധ സ്റ്റേഷൻ പരിധികളിൽ നിന്നാണ് പിടികൂടിയത്. മതിലകം സ്റ്റേഷൻ പരിധിയിൽ 2015ൽ നടന്ന അടിപിടി കേസിൽ ശിക്ഷിക്കപ്പെട്ട ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പെരിഞ്ഞനം സ്വദേശികളായ പനങ്ങാട് വീട്ടിൽ ഗിരീഷ്, പേരൂരിൽ വീട്ടിൽ ബേബി, തൃപ്പൂണത്ത് വീട്ടിൽ മിഥുൻ, വടക്കേകാട്ടിൽ വീട്ടിൽ അരുൺ, 2001ൽ അടിപിടി കേസിൽ ശിക്ഷിക്കപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന പെരിഞ്ഞനം വെസ്റ്റ് സ്വദേശി ആനക്കാട്ടിൽ വീട്ടിൽ ഫെബിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതി റിമാൻഡ് ചെയ്തു. 2007 ൽ മോഷണക്കേസിൽ ശിക്ഷ വിധിച്ച ശേഷം മുങ്ങിയ പടിഞ്ഞാറേ വെമ്പല്ലൂർ കൂനിയാറ ഉന്നതിയിലെ തോട്ടുങ്കൽ വീട്ടിൽ ഗോപി, മാള പോലീസ് സ്റ്റേഷൻ പരിധിയിൽ 2009ൽ നടന്ന അടിപിടി കേസിലെ പ്രതിയായ കുറിവിലശ്ശേരി സ്വദേശികളായ വാരിയത്ത് വീട്ടിൽ ദിലീപ്, വാരിയത്ത് വീട്ടിൽ ദിനേശ്, വാരിയത്ത് വീട്ടിൽ അപ്പു എന്നിവരെ മാള പോലീസ് അറസ്റ്റ് ചെയ്തു. പണംവാങ്ങിയ ശേഷം ഈടായി നൽകിയ ചെക്ക് മടങ്ങിയിട്ടും പണം തിരികെ നൽകാതെ കബളിപ്പിച്ച വിവിധ കേസുകളിലെ പ്രതികളായ ചേറ്റുവ സ്വദേശി അഷറഫ്, കല്ലൂർ തെക്കുമുറി സ്വദേശി സന്തോഷ്, എടവിലങ്ങ് സ്വദേശി ഗോപിനാഥ്, മേത്തല ആനപ്പുഴ സ്വദേശി ഹരിദാസ്, കരുവന്നൂർ സ്വദേശി സിന്ധു, പോട്ട സ്വദേശി വിപിൻ, ചാലക്കുടി പരിയാരം കുറ്റിക്കാട് സ്വദേശി നൈജു, പരിയാരം സ്വദേശി ദീപു സലീം എന്നിവരെയുമാണ് തൃശൂർ റൂറൽ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.



