വിരുന്നിനിടെയുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് വെങ്ങിണിശ്ശേരിയില്‍ പ്രവാസി മലയാളി കൊല്ലപ്പെട്ട സംഭവത്തിൽ അയൽവാസി അറസ്റ്റിൽ.ദുബായില്‍ ഇലക്ട്രീഷ്യനായ വെങ്ങിണിശ്ശേരി തേറാട്ടില്‍ ജോർജ്ജിന്റെ മകൻ രാജു [52] ആണ് മരിച്ചത്.സംഭവത്തില്‍ ഇയാളുടെ സുഹൃത്തും അയല്‍വാസിയുമായ പുത്തൂർ വീട്ടിൽ ഫ്രിന്റോയെ [42] ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.ഏപ്രില്‍ നാലിന് നാട്ടിലെത്തിയ രാജു മടങ്ങിപ്പോകാനിരിക്കെയാണ് മരണം സംഭവിച്ചത്. ക്ലോക്ക് നിർമ്മാണ യൂണിറ്റ് കൂടിയായ വീടിന് പിന്നിലെ പുരയില്‍ ബുധനാഴ്ച്ച രാത്രി സുഹൃത്തുകള്‍ക്കായി സംഘടിപ്പിച്ച സത്കാരത്തിനിടെയാണ് കൊലപാതം.സത്കാരത്തില്‍ പങ്കെടുത്ത മറ്റ് നാലുപേർ മടങ്ങിയതിന് പിന്നാലെ രാജുവും ഫ്രിന്റോയും തമ്മില്‍ തർക്കമുണ്ടാവുകയായിരുന്നു. മദ്യലഹരിയിലുണ്ടായ വാക്കുതർക്കം കൈയാങ്കളിയില്‍ കലാശിക്കുകയും ഫ്രിന്റോ പട്ടിക കൊണ്ട് രാജുവിനെ അടിക്കുകയും കഴുത്ത് ഞെരിക്കുകയുമായിരുന്നു.രാജു സംഭവസ്ഥലത്തുതന്നെ മരിച്ചു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ പോലീസിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച പ്രതിയെ ഇൻസ്പെക്ടർ കെ.എൻ മനോജിന്റെ നേതൃത്വത്തിലുളള സംഘം ബലംപ്രയോഗിച്ച് കീഴടക്കി. സിജിയാണ് രാജുവിൻ്റെ ഭാര്യ. ഹേഭ, ഹെല്‍ന എന്നിവർ മക്കളാണ്.




