സംസ്ഥാനത്തെ മുഴുവൻ കെ.എസ്.ആർ.ടി.സി ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശ്ശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാർ മാർച്ച് ഉദ്ഘാടനം ചെയ്തു.
തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് നൽകിയ വാഗ്ദാനങ്ങൾ പൂർണമായി പാലിക്കാതെ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് അനീഷ് കുമാർ ആരോപിച്ചു. സൗജന്യ യാത്ര പദ്ധതി ആരംഭിച്ച ആദ്യ ദിനം തന്നെ സർക്കാരിന്റെ വീഴ്ചകൾ വ്യക്തമായതായും അനീഷ് കുമാർ പറഞ്ഞു. തിരുവനന്തപുരം നഗരത്തിൽ സർവീസ് നടത്തിയിരുന്ന നിരവധി ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ബസുകളാക്കി മാറ്റിയതിലൂടെ സ്ത്രീകൾക്ക് സൗജന്യ യാത്ര നിഷേധിക്കുന്ന സാഹചര്യമാണുള്ളതെന്നും അനീഷ് കുമാർ കുറ്റപ്പെടുത്തി.ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു. മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ശീതൾ രാജ, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ.ആർ. ഹരി, സുജയ് സേനൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ സുധീഷ് മേനോത്തുപറമ്പിൽ, പൂർണിമ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.




