ചിമ്മിനി ഡാം ടൂറിസം;ഇറിഗേഷൻ പ്രൊജക്ട് ടൂറിസം മാനേജ്മെന്റ് കമ്മിറ്റി യോഗം ചേർന്നു

ചിമ്മിനി ഡാം ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി കലക്ടറുടെ ചേംബറിൽ ഇറിഗേഷൻ പ്രൊജക്ട് ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് യോഗം ചേർന്നു. കെ.കെ. രാമചന്ദ്രൻ എം.എൽ.എ, ജില്ലാ കലക്ടർ ശിഖ സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്.
സന്ദർശകരുടെ പ്രവേശനം മുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത് വരെയുള്ള പ്രധാന അജണ്ടകളാണ് യോഗത്തിൽ ചർച്ചയായത്. ഡാം ടോപ്പിലേക്ക് വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ യോഗം വിലയിരുത്തി. സഞ്ചാരികൾക്ക് ഏർപ്പെടുത്തേണ്ട പ്രവേശന ഫീസ് നിശ്ചയിച്ചു.പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ആവശ്യമായ തൊഴിലാളികളെ നിയമിക്കുന്നത്തിനും തീരുമാനമായി. വിനോദസഞ്ചാരികൾക്കായി ടോയ്ലറ്റ് സൗകര്യങ്ങൾ ഏർപ്പെടുത്തും.
തൃശ്ശൂർ ഡിവിഷൻ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ സജിത്ത്,
പീച്ചി വൈൽഡ് ലൈഫ് വാർഡൻ രഞ്ജിത്ത്,
അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ മുഹമ്മദ് റാഫി,
ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ മനോജ്, ഇരിങ്ങാലക്കുട ആർഡിഒ അബുദൾ മജീദ്, ഡി.ടി.പി.സി ടൂർ കോർഡിനേറ്റർ രൂപേഷ്, ചിമ്മിനി ഡാം അസിസ്റ്റന്റ് എൻജിനീയർ ശ്രീജിത്ത് എന്നിവരും വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ഡാം കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതികൾ സുരക്ഷിതവും പരിസ്ഥിതിസൗഹൃദവുമായി നടപ്പിലാക്കാനുള്ള രൂപരേഖ യോഗം ചർച്ച ചെയ്തു.




