വടക്കാഞ്ചേരി : കുറാഞ്ചേരി പെട്രോൾ പമ്പിന് സമീപം ഇന്ധന ടാങ്കർ ലോറി മറിഞ്ഞ് അപകടം. തൃശൂർ ഭാഗത്ത് നിന്ന് ചെർപ്പുളശേരിക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയാണ് ഇന്ന് പുലർച്ചെ 12.15 ഓടെ അപകടത്തിൽപ്പെട്ടത്. 9000 ലിറ്റർ പെട്രോളും 5000 ലിറ്റർ ഡീസലും ടാങ്കറിൽ ഉണ്ടായിരുന്നു.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ നിസ്സാര പരിക്കേറ്റ ഡ്രൈവറെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വടക്കാഞ്ചേരി പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചു. ടാങ്കറിലുണ്ടായിരുന്ന ഇന്ധനം ഇന്ന് രാവിലെയോടെ മറ്റൊരു ടാങ്കറിലേക്ക് സുരക്ഷിതമായി മാറ്റി. വൻ ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് പ്രദേശവാസികൾ.


