ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന പൊറത്തിശ്ശേരി ചർച്ച് സ്വദേശി കുറുമത്ത് വീട്ടിൽ സുജിത്തിനെ പ്രതികൾ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താൽ സുജിത്തിനെ മർദ്ദിക്കുകയും ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിനാണ് നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയും സ്റ്റേഷൻ റൗഡിയുമായ പൊറത്തിശ്ശേരി സ്വദേശി ഇക്കണ്ടപറമ്പിൽ വീട്ടിൽ ജിഷ്ണു എന്നയാളെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടി ക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ജിഷ്ണു ഇരിങ്ങാലക്കുട, കാട്ടൂർ, വലപ്പാട്, കൊരട്ടി, തൃശ്ശൂർ റൂറൽ വനിതാ പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു പോക്സോ കേസ്സിലും, രണ്ട് കവർച്ചക്കേസിലും, ഒരു വധശ്രമക്കേസിലും സമാധാന ലംഘനം നടത്താതിരിക്കാനുള്ള നടപടി സ്വീകരിച്ച ഒരു കേസ്സിലും അടക്കം അഞ്ച് ക്രിമിനൽക്കേസിലെ പ്രതിയാണ്.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷാജി എം കെ, എസ് ഐ മാരായ സൗമ്യ ഇ യു, അബിലാഷ് ടി, ജി എസ് ഐ സുൽഫിക്കർ, ജി എസ് സി പി ഒ ഗിരീഷ്, സി പി ഒ മാരായ ഷാബു, ഉമേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുള്ളത്.


