തൃശൂർ: ശക്തൻ നഗറിൽ ഉപയോഗിക്കാതെ കിടക്കുന്ന ഇ-ടോയ് ലറ്റ് പൊളിച്ചുമാറ്റി. ജില്ല മർച്ചന്റ്സ് അസോസിയേഷൻ സമർപ്പിച്ച നിവേദനത്തിന് പിന്നാലെ മേയർ ഡോ. നിജി ജസ്റ്റിൻ നേരിട്ട് രംഗത്തെത്തിയതോടെ ശക്തൻ നഗറിലെ ദീർഘകാലമായി നിലനിന്നിരുന്ന ശുചിത്വ പ്രശ്നങ്ങൾ ചരിഹരിക്കുന്നതിന് മണിക്കൂറുകൾക്കകം അടിയന്തര നടപടികൾ സ്വീകരിച്ചതായി മേയർ അറിയിച്ചു.
ശക്തൻ തമ്പുരാൻ പച്ചക്കറി, കായ, മത്സ്യമാംസ മാർക്കറ്റുകൾ നേരിട്ട് സന്ദർശിച്ച് കുടിവെള്ള ക്ഷാമം, പൊതുശൗചാലയങ്ങളുടെ അപര്യാപ്‌തത, ഇൻസിനറേറ്ററിൻ്റെ പ്രവർത്തനക്ഷമത, ഉപയോഗശൂന്യമായ ഇ-ടോയ് ലറ്റുകളുടെ ദുരവസ്ഥ എന്നിവ മേയർ നേരിട്ട് വിലയിരുത്തി.
പ്രശ്നനങ്ങളുടെ ഗൗരവം ബോധ്യപ്പെട്ടതോടെ ഉപയോഗശുന്യമായ ഇ-ടോയ് ലറ്റ് ഉടൻ പൊളിച്ചുനീക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മേയറുടെ നിർദേശം ലഭിച്ച മണിക്കുറുകൾക്കകം തന്നെ ത്യശൂർ കോർപറേഷൻ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളുടെ സാന്നിധ്യത്തിൽ ഇ-ടോയ് ലറ്റ് പൂർണമായും പൊളിച്ചു നീക്കി. കോർപറേഷൻ്റെ ജെ.സി.ബി ഉപയോഗിച്ച്’ പൊളിച്ച അവശിഷ്ടങ്ങൾ കോട്ടപ്പുറം യാർഡിലേക്ക് മാറ്റി.
ഇതോടൊപ്പം ശക്തൻ സ്റ്റാൻഡിലെ നിലവിലുള്ള ശുചിമുറികൾ സമ്പൂർണമായി ശുചീകരിച്ച് പൊതുജനങ്ങൾക്ക് ഉപയോഗയോഗ്യമാക്കി. പച്ചക്കറി മാർക്കറ്റ് പരിസരത്തെ ശുചീകരണ പ്രവർത്തനങ്ങൾക്ക് കോർപറേഷൻ സി.സി.എം ജലീൽ നേതൃത്വം നൽകി. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ വിനോദ്, മറ്റ് ഹെൽത്ത് ഇൻസ്പെക്ടർമാർ, ശുചീകരണ തൊഴിലാളികൾ എന്നിവർ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
പൊതുജനങ്ങളുടെ പരാതികൾക്ക് വൈകാതെ പരിഹാരം കാണുക എന്നതാണ് നഗരസഭയുടെ പ്രവർത്തന ശൈലിയെന്ന് മേയർ ഡോ. നിജി ജസ്റ്റിൻ വ്യക്തമാക്കി. നഗരത്തിലെ വ്യാപാരികളും പൊതുജനങ്ങളും നേരിടുന്ന അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങൾ നേരിട്ട് കേട്ട് ഉടൻ പരിഹാരം കാണുന്നതിന് ഒരണസമിതി പ്രതിജ്ഞാബദ്ധമാണെന്നും ഇത്തരത്തിലുള്ള അടിയന്തര ഇടപെടലുകൾ വരും ദിവസങ്ങളിലും തുടരുമെന്നും മേയർ ഡോ. നിജി ജസ്റ്റിൻ അറിയിച്ചു.

