വാക്കുകളിൽ സംസ്കൃതം, മനസ്സുകളിൽ പൈതൃകം: വാർഷികാഘോഷങ്ങളുടെ ഭാഗമായി സംസ്കൃത ഭാരതിയുമായി ചേർന്ന് പത്ത് ദിവസത്തെ സംഭാഷണ പരിശീലനം
ഗുരുവായൂർ: ചിന്മയാമിഷന്റെ എഴുപത്തി അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഗുരുവായൂർ ചിന്മയാമിഷനും സംസ്കൃത ഭാരതിയും സംയുക്തമായി സംഘടിപ്പിച്ച സംസ്കൃത സംഭാഷണ ശിബിരത്തിന്റെ സമാപന സമ്മേളനം ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. ഫെബ്രുവരി 1 മുതൽ 10 വരെ തുടർച്ചയായി നടന്ന ശിബിരം, സംസ്കൃത ഭാഷയുടെ പ്രായോഗിക ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഭാരതീയ സാംസ്കാരിക മൂല്യങ്ങളുടെ സംരക്ഷണത്തിലും വ്യാപനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു.
ചിന്മയാമിഷൻ പ്രസിഡന്റ് പ്രൊഫ. എൻ. വിജയൻ മേനോൻ അധ്യക്ഷനായ സമ്മേളനം, സംസ്കൃത ഭാരതിയുടെ മുൻ മുഴുവൻ സമയ പ്രവർത്തകനും ചാലിശേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ സംസ്കൃത അധ്യാപകനുമായ ഡോ. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. സംസ്കൃതം ഒരു ജീവിച്ചിരിക്കുന്ന ഭാഷയായി സമൂഹജീവിതത്തിൽ പ്രയോഗിക്കപ്പെടേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.
ശിബിരത്തിന് നേതൃത്വം നൽകിയത് സംസ്കൃത ഭാരതി സംസ്ഥാന ട്രഷററും സംസ്കൃത അധ്യാപകനുമായ ശ്രീ. സജീവ്‌ൻ മാസ്റ്റർ ആയിരുന്നു. ഭാഷാ പരിശീലനത്തിനൊപ്പം സംവാദശൈലി, ഉച്ചാരണശുദ്ധി, ദിനചര്യയിലെ സംസ്കൃത പ്രയോഗങ്ങൾ എന്നിവ ഉൾപ്പെടുത്തി നടത്തിയ ക്ലാസുകൾ പങ്കെടുത്തവരിൽ ഭാഷാപ്രേമവും ആത്മവിശ്വാസവും വളർത്തി.
ഗുരുവായൂർ ചിന്മയാമിഷൻ സെക്രട്ടറി ശ്രീ. സജിത് കുമാർ സി. ആശംസകൾ അർപ്പിച്ചു. ശ്രീ. അശോകൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ, ദേവി ഗ്രൂപ്പ് കോർഡിനേറ്റർ ശ്രീമതി എം. ഹേമ ടീച്ചർ നന്ദി രേഖപ്പെടുത്തി. ഡോ. സുരേഷ് നായർ, രാധാ വി. മേനോൻ, ഭരതൻ, ശ്രീമതി വിലാസിനി അമ്മ എന്നിവരുടെ നേതൃത്വത്തിൽ ഇരുപതിലധികം പേർ പങ്കെടുത്ത ശിബിരം, സംസ്കൃത ഭാഷാപഠനത്തിനും സാംസ്കാരിക പുനർജാഗരണത്തിനും മാതൃകയായതായി സംഘാടകർ അറിയിച്ചു.
<p>The post ചിന്മയാമിഷൻ 75-ാംവാർഷികാഘോഷം; ഗുരുവായൂരിൽ സംസ്കൃത സംഭാഷണ ശിബിരം സമാപിച്ചു first appeared on guruvayoorOnline.com | Guruvayur Temple.</p>


