തൃപ്രയാർ : കാലാനുസൃതമാറ്റങ്ങളെ ഉൾക്കൊണ്ട് എഴുത്തുകാർ കൂടുതൽ ക്രിയേറ്റീവാകണമെന്ന് സാഹിത്യകാരൻ ബാലകൃഷ്ണൻ അഞ്ചത്ത് അഭിപ്രായപ്പെട്ടു. ഫ്രണ്ട്സ് ക്രിയേറ്റീവ് ഫോറത്തിൻ്റെ 40-ാമത് വാർഷികാഘോഷവും സമാദരണീയവും നാട്ടിക സർവ്വീസ് സഹകരണബാങ്ക് ഹാളിൽ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മര്യാദാ പുരുഷോത്തമനായ ശ്രീരാമചന്ദ്രൻ ഭരിക്കുന്ന നാടാണ് തൃപ്രയാർ. “തൃപ്രയാർ” എന്ന ഒരു പ്രാവശ്യമെങ്കിലും തെറ്റുകൂടാതെ പറയാൻ കഴിഞ്ഞാൽ ജീവിതത്തിൽ അവന് മറ്റെല്ലാ ഗുണങ്ങളും കൈവരും. കവി കുഞ്ഞുണ്ണിമാഷെപ്പോലെ എല്ലാ വലുതുകളെയും അതിശയിപ്പിക്കുന്ന ചെറുതുകളുടെ നാടാണ് നാട്ടിക മണപ്പുറം. ഇവിടെ സാഗരഗർജ്ജനമുണ്ട് അതോടൊപ്പം ശാന്തമായി ഒഴുകുന്ന പുഴയുമുണ്ട്. വലിയ പർവ്വതങ്ങളോ കുന്നുകളോ ഇവിടെ കാണാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെയർമാൻ ഫ്രാൻസിസ് വടക്കൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ദിനേശ് രാജാ ആമുഖപ്രസംഗം നടത്തി. ചലച്ചിത്ര സംവിധായകൻ അമ്പിളി മുഖ്യാതിഥി ആയിരുന്നു. പെരിങ്ങോട്ടുകര “സീതാശ്രമം’ സ്ഥാപകൻ മുനി പരമസാരബിന്ദു അനുഗ്രഹപ്രഭാഷണം നടത്തി. കലാ-സാഹിത്യ-സാംസ്ക്കാരികരംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച മൂന്നു പേരെ ചടങ്ങിൽ ആദരിച്ചു. ഓട്ടൻതുള്ളൽ കലാകാരൻ പഴുവിൽ ഗോപിനാഥ്, മുൻകാല വോളീബോൾ താരം ബാലൻ എന്നിവരെ അമ്പിളി മൊമെൻ്റോയും പൊന്നാടയും പ്രശസ്തിപത്രവും നൽകി ആദരിച്ചു.
കവി രാമചന്ദ്രൻ വേളേക്കാട്ടിന് തൻ്റെ പിതാവായ വീരമംഗലത്ത് മൊയ്തീൻ്റെ സ്മരണാർത്ഥം മകളും കവയിത്രിയുമായ നോമികൃഷ്ണ ഏർപ്പെടുത്തിയ പ്രത്യേക മൊമെൻ്റോയും പ്രശസ്തിപത്രവും സമ്മാനിച്ചു. ഫ്രണ്ട്സ് ക്രിയേറ്റീവ് ഫോറം 40 -ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ “ഞാനാര് ?” എന്ന വിഷയാധിഷ്ടിത കഥാരചനാമത്സരത്തിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ ബാബുരാജ് ഇരിങ്ങാലക്കുട, ജോസഫ് ഓടക്കാലി എന്നിവർക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
ചലച്ചിത്ര സംവിധായകൻ വാസൻ പെരിങ്ങോട്ടുകര, നന്മ നാട്ടിക മേഖലാ ജില്ലാ പ്രസിഡണ്ട് മനോമോഹൻ,എഴുത്തുകാരനും അദ്ധ്യാപകനുമായ ശിവദാസൻ മാസ്റ്റർ, സാഹിത്യകാരൻ എം. ഡി. ചന്ദ്രമോഹൻ, ഇരിങ്ങാലക്കുട “സംഗമസാഹിതി” പ്രസിഡണ്ട് ജോസ് മഞ്ഞില, കവയിത്രി നോമികൃഷ്ണ എന്നിവർ സംസാരിച്ചു. സമാദരണീയർ മറുപടി പ്രസംഗം നടത്തി.

