വലപ്പാട്: കള്ളുഷാപ്പിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ പട്ടികവടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും സ്റ്റേഷൻ റൌഡിയുമായ കഴിമ്പ്രം മുളങ്ങിൽ വീട്ടിൽ നിഷിൽ (31) ആണ് പിടിയിലായത്. ആക്രമണത്തിൽ കഴിമ്പ്രം ചാരിച്ചെട്ടി വീട്ടിൽ സന്തോഷിനാണ് (44) പരിക്കേറ്റത്.
കഴിഞ്ഞ 15-ാം തീയതി രാവിലെ 11.30-ഓടെ കഴിമ്പ്രത്തെ കള്ളുഷാപ്പിലായിരുന്നു സംഭവം. ഷാപ്പിൽ കള്ളുകുടിച്ചതിന്റെ പണം നൽകുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. നടപടി ക്രമങ്ങൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
നിഷിൽ വലപ്പാട് പോലീസ് സ്റ്റേഷനിൽ മൂന്ന് വധശ്രമകേസും അഞ്ച് അടിപിടികേസും അടക്കം 12 ക്രിമിനൽ കേസുകളിലെ പ്രതിയാണ്. വലപ്പാട് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ എബിൻ സി എൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ അനൂപ്, സിവിൽ പോലീസ് ഓഫീസർമാരായ അലി, വിവേക്, സതീഷ്, സന്ദീപ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

