loader image

‘ഞാൻ രജിസ്റ്റർ മാര്യേജ് ചെയ്യാൻ പോവുകയാണ്’; വിവാഹ തീയതി പങ്കുവെച്ച് വേടൻ

കണ്ണൂർ: റാപ്പർ വേടൻ വിവാഹതിനാകാൻ ഒരുങ്ങുന്നു. യുവ എഴുത്തുകാരി നവമി ലതയാണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ്. പൊതുവേദികളിൽ വേടനൊപ്പം നവമി ലതയും എത്താറുണ്ട്. ഫെബ്രുവരി 24ാം തീയതി തൃശൂരിൽ വെച്ചാണ് കല്യാണം നടക്കുന്നത്. തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി സർക്കാർ നടത്തുന്ന ഹാപ്പിനെസ് ഫെസ്റ്റിവലിൽ വെച്ചാണ് വേടൻ വിവാഹ വാർത്ത പങ്കുവെച്ചത്.

ഫെസ്റ്റിവലിൽ പരിപാടി അവതരിപ്പിക്കാനായി വേടൻ എത്തിയിരുന്നു. വേദിയിൽ വെച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വേടനെ പൊന്നാടയണയിച്ച് അഭിനന്ദിച്ചിരുന്നു. വേടനെ അഭിനന്ദിച്ച് സംസാരിക്കുന്നതിനിടെ എം വി ഗോവിന്ദനാണ് ആദ്യം വിവാഹക്കാര്യം പൊതുവേദിയിൽ വെച്ച് പറയുന്നത്. മറുപടി പ്രസംഗത്തിനിടെ വേടനും ഇക്കാര്യം സ്ഥിരീകരിച്ചു. ‘മാഷ് പറഞ്ഞതുപോലെ 24ാം തീയതി ഞാൻ രജിസ്റ്റർ മാര്യേജ് ചെയ്യാൻ പോവുകയാണ്. എന്റെ കല്യാണമാണ്,’ എന്നാണ് വേടൻ പറഞ്ഞത്.

അതേസമയം, ഹാപ്പിനെസ് ഫെസ്റ്റിവലിൽ വെച്ചുള്ള വേടന്റെ പരിപാടിക്കിടെ ഒരാൾ ഫ്‌ളെഡ് ലൈറ്റിന് മുകളിൽ കയറി അഭ്യാസ പ്രകടനം നടത്തിയത് ഏറെ ആശങ്ക പടർത്തി. സാബുമോൻ എന്നയാൾ ഏകദേശം 35 അടി ഉയരത്തിലുള്ള ഫ്‌ലഡ് ലൈറ്റിന്റെ മുകളിലാണ് കയറിയത്. താൽക്കാലികമായി പരിപാടി നിർത്തിവെച്ച് ഇയാളോട് താഴെ ഇറങ്ങാൻ വേടൻ ആവശ്യപ്പെട്ടു. തുടർന്ന് ഇയാൾ താഴേക്ക് ഇറങ്ങി. പൊലീസ് സാബുമോനെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.

See also  ചികിത്സാ പിഴവ്: സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ, ഉഷയുടെ ശസ്ത്രക്രിയ നാളെ

ഹിരൺദാസ് മുരളി എന്ന വേടൻ 2020ൽ പുറത്തിറങ്ങിയ ‘വോയ്‌സ് ഓഫ് ദ വോയ്‌സ്‌ലെസ്’ എന്ന പാട്ടിലൂടെയാണ് ശ്രദ്ധേയനാകുന്നത്.

സമൂഹത്തിൽ ദളിതരടക്കമുള്ള പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾ നേരിടുന്ന അടിച്ചമർത്തലുകളെയും അതിനെതിരെ അവർ നടത്തുന്ന പോരാട്ടങ്ങളെയും കുറിച്ചുള്ള വരികളാണ് വേടന്റെ റാപ്പുകളെ ജനപ്രിയമാക്കിയത്.

ഭൂമി ഞാൻ വാഴുന്നിടം, സോഷ്യൽ ക്രിമിനൽ, ബുദ്ധനായി പിറ, മോണ ലോവ തുടങ്ങിയ ഇൻഡീ ഗാനങ്ങൾ തുടർന്നുള്ള വർഷങ്ങളിൽ വലിയ ഹിറ്റുകളായി മാറി. ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് പുറത്തിറങ്ങിയ എണ്ണക്കറുപ്പി എന്ന ഗാനവും പ്ലേലിസ്റ്റിൽ ഇടംനേടുന്നുണ്ട്. ഇതിനൊപ്പം മലയാള സിനിമയിലും വേടന്റെ സ്വതന്ത്രഗാനങ്ങളും പിന്നണിഗാനങ്ങളും ഇടം കണ്ടെത്തി. മഞ്ഞുമ്മൽ ബോയ്‌സിലെ സുഷിൻ ശ്യാം സംഗീതം നൽകി വേടൻ വരികൾ എഴുതി ആലപിച്ച കുതന്ത്രം എന്ന ഗാനം ആരാധകശ്രദ്ധയോടൊപ്പം പുരസ്‌കാരങ്ങളും സ്വന്തമാക്കി. മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡാണ് വേടൻ കുതന്ത്രത്തിലൂടെ നേടിയത്.

പാട്ടിനൊപ്പം പരാതികളും പൊലീസ് കേസുകളും ഈ വർഷങ്ങളിൽ വേടനെ വിടാതെ പിന്തുടർന്നിട്ടുണ്ട്. ലഹരി ഉപയോഗത്തിനും കൈവശം വെച്ചതിനും വേടനെ ഒരിക്കൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിലും വേടനെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ ഈ കേസുകളിലെല്ലാം വേടന് ജാമ്യം ലഭിക്കുകയായിരുന്നു. ഇത് കൂടാതെ വേടനെതിരെ മീ ടൂ ആരോപണങ്ങളും മുൻപ് ഉയർന്നിരുന്നു.

Spread the love

Leave a Comment

Your email address will not be published. Required fields are marked *

New Report

Close