തൃശ്ശൂർ : വിവാഹവാഗ്ദാനം നൽകി നിരവധി യുവതികളെ പീഡിപ്പിച്ച കേസിൽ പ്രശസ്ത ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറെ അറസ്റ്റ് ചെയ്തു. പെരിങ്ങോട്ടുകര താന്ന്യം സ്വദേശിയായ യദു ഗിരീഷ് (38) നെ തൃശൂർ ക്രൈം ഡിറ്റാച്ച്മെന്റ് വിഭാഗം പിടികൂടി.
മൂന്ന് യുവതികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പ്രാഥമിക അന്വേഷണത്തിൽ ഏകദേശം 15ഓളം യുവതികൾ സമാനമായ രീതിയിൽ ഇയാളുടെ തട്ടിപ്പിനും പീഡനത്തിനും ഇരയായതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയ വഴി സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹവാഗ്ദാനം നൽകി പ്രലോഭിപ്പിക്കുകയും പിന്നീട് രഹസ്യമായി സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ഇത്തരത്തിൽ ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിന് രൂപയും സ്വർണ്ണാഭരണങ്ങളും ഇയാൾ തട്ടിയെടുത്തതായി പോലീസ് വ്യക്തമാക്കി. കൂടുതൽ ഇരകൾ ഉണ്ടോയെന്ന കാര്യം പരിശോധിച്ചുവരികയാണ്. സമാന അനുഭവങ്ങൾ ഉണ്ടായവർ നിയമസഹായം തേടണമെന്ന് പോലീസ് അറിയിച്ചു.

