loader image

ഗുരുവായൂർ ഉത്സവം; പഴമയുടെ പൈതൃകത്തിൽ നിന്ന് കലാവിസ്മയത്തിലേക്ക്- Guruvayoor

എട്ടാം വിളക്കിലെ ഏക ഗാനവേദിയിൽ നിന്ന് നാല് വേദികളിലായി പത്ത് ദിവസത്തെ കലാമഹാമേളയായി—54 വർഷങ്ങളുടെ ഗുരുവായൂർ ഉത്സവ പരിണാമഗാഥ: ഗുരുപവനപുരത്തിന്റെ ഉത്സവചരിത്രം പുതിയ ഉയരങ്ങളിൽ
ഗുരുവായൂർ: ഭൂലോക വൈകുണ്ഠമെന്ന വിശേഷണത്തിന് യഥാർത്ഥ അർത്ഥം നൽകുന്ന ഉത്സവാഘോഷങ്ങളിലൂടെ ഗുരുപവനപുരം വീണ്ടും ഉത്സവലഹരിയിലേക്ക് കടക്കുന്നു. ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവം ആചാരാനുഷ്ഠാനങ്ങളുടെ കൃത്യതയോടൊപ്പം കലാസാംസ്കാരിക സമൃദ്ധിയുടെയും പ്രതീകമായി മാറിയിട്ട് ഇന്ന് 54 വർഷം പിന്നിടുകയാണ്.
1972-ൽ എട്ടാം വിളക്കിന് ഒരേയൊരു കലാപരിപാടിയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ 2026-ൽ ഉത്സവത്തിന്റെ 10 ദിവസങ്ങളിലും നാല് വേദികളിലായി കലാപരിപാടികളുടെ മഹാമേളയാണ് ഒരുക്കിയിരിക്കുന്നത്.
1972: നവഭരണസംവിധാനത്തിലെ ആദ്യ ഉത്സവം
സർക്കാർ അധീനതയിൽ ജനാധിപത്യ സ്വഭാവമുള്ള ഭരണസംവിധാനം 1971-ൽ നിലവിൽ വന്നതോടെയാണ് ഗുരുവായൂർ ഉത്സവത്തിന് പുതിയ ജനകീയ സ്വഭാവം കൈവന്നത്. 1972 ഫെബ്രുവരി 26 മുതൽ മാർച്ച് 6 വരെ ദേവസ്വം ഭരണസമിതിയുടെ നേതൃത്വത്തിൽ നടന്ന ഉത്സവം നവയുഗത്തിന്റെ തുടക്കമായി.
അഗ്നിബാധയ്ക്ക് ശേഷം പുനർനിർമ്മാണം പുരോഗമിച്ചിരുന്ന ക്ഷേത്രപരിസരത്ത്, ഉപദേവനായ ഗണപതി വിഗ്രഹം താൽക്കാലികമായി അയ്യപ്പ ക്ഷേത്രത്തിലേക്ക് മാറ്റി പ്രതിഷ്ഠിച്ചിരുന്നു. വിളക്കുമാടമില്ലാത്ത മതിൽക്കകവും ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ ചുറ്റമ്പലവും — ഈ സാഹചര്യങ്ങളിലായിരുന്നു ഉത്സവം. 1972 മാർച്ച് 3-ന് എട്ടാം വിളക്കിന് കിഴക്കെ നടയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽപ്രശസ്ത ഗായകൻ K. J. Yesudas അവതരിപ്പിച്ച സംഗീതക്കച്ചേരിയായിരുന്നു ഏക കലാപരിപാടി.
1983 മുതൽ കലാപരിപാടികളുടെ വളർച്ച
പത്ത് വർഷങ്ങൾക്കു ശേഷം, 1983-ൽ എട്ടാം വിളക്കിന് വിശേഷാൽ അഞ്ചു കലാപരിപാടികൾ നടന്നു. വർഷംതോറും ഭക്തജനങ്ങളുടെ തിരക്ക് വർദ്ധിക്കുകയും കലാപരിപാടികൾക്ക് പ്രത്യേക വേദി നിർമിക്കപ്പെടുകയും ചെയ്തു.
കാലക്രമത്തിൽ കലാപരിപാടികൾക്കായി മേൽപ്പത്തൂർ ആഡിറ്റോറിയം സ്ഥിരം സംവിധാനമായി. ഇന്ന് മേൽപ്പത്തൂർ ആഡിറ്റോറിയം, “വൈഷ്ണവം” വേദി, “നന്ദനം”, “വൃന്ദാവനം” തുടങ്ങി നാല് വേദികളിലായി നാദസ്വരം, ഓട്ടൻതുള്ളൽ, കഥകളി, ഭക്തിപ്രഭാഷണം, സംഗീതക്കച്ചേരി, തോൽപാവക്കൂത്ത്, ഹിന്ദുസ്ഥാനി സംഗീതം, സത്രിയനൃത്തം തുടങ്ങി വിവിധ കലാരൂപങ്ങൾ അരങ്ങേറുന്നു.കേരളത്തിനകത്തും പുറത്തുമുള്ള ആന്ധ്ര, ആസാം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ കലാകാരന്മാരുടെ സാന്നിധ്യവും ഉത്സവത്തിന് വൈവിധ്യമേകുന്നു.
ഭരണസംവിധാനങ്ങളുടെ മാറിയ മുഖം
1972-ലെ ഉത്സവം 17 അംഗ ദേവസ്വം ഭരണസമിതിയുടെ നേതൃത്വത്തിലായിരുന്നു.ചെയർമാനായി കോഴിക്കോട് സാമൂതിരി രാജ കെ.സി.മരുമകൻരാജയും, വൈസ് ചെയർമാനായി മല്ലിശ്ശേരി മന കൃഷ്ണൻ നമ്പൂതിരിയും സേവനം അനുഷ്ഠിച്ചു. തന്ത്രി ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാട് ഉൾപ്പെടെയുള്ള പ്രമുഖരുടെ നേതൃത്വത്തിൽ ഉത്സവം നടന്നു.
2026-ൽ ഡോ. വി.കെ. വിജയൻ ചെയർമാനായും, ഒ.ബി. അരുൺകുമാർ അഡ്മിനിസ്ട്രേറ്ററായും സേവനം ചെയ്യുന്ന ഭരണസമിതിയാണ് ഉത്സവത്തിന് നേതൃത്വം നൽകുന്നത്.
2026 ഉത്സവവിശേഷങ്ങൾ
2026 ഫെബ്രുവരി 28-ന് കൊടിയേറ്റത്തോടെയാണ് ഉത്സവത്തിന് തുടക്കം. ഗംഭീര കഥകളിയോടെ ആഘോഷങ്ങൾക്ക് തിരശ്ശീല ഉയരും. പിറ്റെ ദിവസം പുലർച്ചെ 3 മണിക്ക് നിർമ്മാല്യദർശനത്തിനായി നടതുറക്കുകയും ഉഷനിവേദ്യവും കേളിയും കഴിഞ്ഞ് വിശേഷാൽ പരിപാടികൾ ആരംഭിക്കുകയും ചെയ്യും.
അതിമനോഹരമായ 20 പേജുള്ള ബ്രോഷർ ഭക്തജനങ്ങൾക്ക് പ്രസിദ്ധീകരിച്ചു കഴിഞ്ഞു. തായമ്പക, മേളം, പള്ളിവേട്ട, ആറാട്ട്, ഗ്രാമപ്രദക്ഷിണം തുടങ്ങി ചടങ്ങുകൾക്കായി ദേശവാസികൾ ഒരുക്കത്തിലാണ്.
ഉത്സവലഹരിയിൽ ഗുരുപവനപുരം
എട്ടാം വിളക്കിലെ ഏക സംഗീതവേദിയിൽ നിന്ന് നാല് വേദികളിലായി 10 ദിവസത്തെ കലാസാഗരമായി മാറിയ ഗുരുവായൂർ ഉത്സവം, പൈതൃകവും പുരോഗതിയും കൈകോർക്കുന്ന അപൂർവ അനുഭവമായി മാറിയിരിക്കുകയാണ്. നാടും നഗരവും ഒരുങ്ങി ഏകാഗ്രചിത്തത്തോടെ കാത്തിരിക്കുന്നു —ഈ പുണ്യഭൂമിയിൽ, ഗുരുവായൂരിൽ, ഭക്തജനങ്ങൾ പ്രാർത്ഥനയോടെ…
ഭരണസംവിധാനങ്ങളുടെ മാറ്റങ്ങൾക്കിടയിലും, കാലഘട്ടങ്ങളുടെ പരിണാമത്തിനിടയിലും, ഉത്സവത്തിന്റെ ആത്മാവ് ഒരിക്കലും ക്ഷയിച്ചിട്ടില്ല — മറിച്ച് കൂടുതൽ പ്രഭയോടെ വികസിച്ചു. പള്ളിവേട്ടയുടെയും ആറാട്ടിന്റെയും മഹിമയിൽ, മേളപ്പറമ്പിലെ താളഭംഗിയിലും, വേദികളിലെ കലാസംഗമങ്ങളിലും, ഭക്തജനങ്ങളുടെ ഏകാഗ്രപ്രാർത്ഥനയിലും ഈ ഉത്സവം ജീവിക്കുന്നു.
നാടും നഗരവും ഒരുങ്ങി, മനസ്സുകൾ ശുദ്ധീകരിച്ച്, ദൈവസന്നിധിയിൽ സമർപ്പിതരായി കാത്തിരിക്കുന്ന ഭക്തജനങ്ങളുടെ വിശ്വാസമാണ് ഈ മഹോത്സവത്തിന്റെ യഥാർത്ഥ ശക്തി. ഭൂലോക വൈകുണ്ഠമെന്ന വിശേഷണത്തിന് പുതുവൈഭവം നൽകിക്കൊണ്ട്, ഗുരുവായൂരപ്പന്റെ സന്നിധിയിൽ ഉത്സവധ്വജം വീണ്ടും ഉയരുകയാണ്.
നാരായണ… നാരായണ…
കടപ്പാട് : രാമയ്യർ പരമേശ്വരൻ
<p>The post ഗുരുവായൂർ ഉത്സവം; പഴമയുടെ പൈതൃകത്തിൽ നിന്ന് കലാവിസ്മയത്തിലേക്ക് first appeared on guruvayoorOnline.com | Guruvayur Temple.</p>

Spread the love
See also  കെ.എസ്.ആർ.ടി.സി ബസ്സുകൾ കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്

Leave a Comment

Your email address will not be published. Required fields are marked *

New Report

Close