ഒരു സർക്കാർ ഉദ്യോഗസ്ഥൻ വിരമിക്കുമ്പോൾ യാത്രയയപ്പ് നൽകി പേനയും ഡയറിയും സമ്മാനിച്ചു പടിയിറക്കി വിടുന്ന പതിവ് കാഴ്ചയല്ലിത്. ഇത് 11 വർഷം നീണ്ട, ചോരബന്ധത്തേക്കാൾ വലിയൊരു ആത്മബന്ധത്തിൻ്റെ കഥയാണ്. ഇടുക്കിയിലെ മലമടക്കുകളിൽ ലഹരിവേട്ടയ്ക്കിറങ്ങിയ സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് മോഹനും, അദ്ദേഹത്തിൻ്റെ നിഴൽ പോലെ കൂടെ നടന്ന ‘ബ്രൂസ്’ എന്ന നായയും തമ്മിലുള്ള കഥ!
ഇന്ന് (ബുധനാഴ്ച) ബ്രൂസ് ഔദ്യോഗികമായി കാക്കിയഴിക്കുകയാണ്. “സർവീസിൽ നിന്ന് വിരമിച്ചാൽ ഇവളെ എങ്ങോട്ട് മാറ്റും?” എന്ന ചോദ്യത്തിന് രഞ്ജിത്തിന് ഒരൊറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ- “വേറെങ്ങോട്ടുമില്ല, എനിക്കൊപ്പം എൻ്റെ വീട്ടിലേക്ക്… എൻ്റെ തൊട്ടടുത്ത് തന്നെ അവളുണ്ടാകും!”
ആരാണ് ബ്രൂസ്? കേവലം ഒരു പോലീസ് നായയല്ല അവൾ. കേരള പോലീസിലെ ആദ്യത്തെ നർകോട്ടിക് ഡോഗ് (Narcotic Dog) എന്ന ചരിത്രപരമായ പദവി അലങ്കരിക്കുന്നവളാണ് ബ്രൂസ് (നീലി). 2015 ഏപ്രിലിൽ, വെറും മൂന്നുമാസം മാത്രം പ്രായമുള്ളപ്പോഴാണ് ലാബ് ഇനത്തിൽപ്പെട്ട ഈ സുന്ദരി ശ്വാനസേനയുടെ ഭാഗമാകുന്നത്. അന്ന് ഇടുക്കി എസ്.പി ആയിരുന്ന കെ.വി ജോസഫ് സാറിൻ്റെ നിർദ്ദേശപ്രകാരമാണ് ലഹരിമരുന്ന് കണ്ടുപിടിക്കാൻ അവളെ പരിശീലിപ്പിച്ചു തുടങ്ങിയത്.
കട്ടപ്പനയിലെ മലകയറ്റവും കുമളിയിലെ ലഹരിവേട്ടയും സിനിമാക്കഥകളെ വെല്ലുന്നതായിരുന്നു രഞ്ജിത്തും ബ്രൂസും അടങ്ങുന്ന സംഘത്തിൻ്റെ ലഹരിവേട്ടകൾ. കഞ്ചാവ് തോട്ടം കണ്ടെത്താൻ കട്ടപ്പനയിലെ കൊടും കാടുകളും മലകളും രഞ്ജിത്തിനൊപ്പം അവൾ കയറി. കുമളിയിലെ ഇടവഴികളിൽ ലഹരിമാഫിയയുടെ പിന്നാലെ പാഞ്ഞു. സംസ്ഥാന പോലീസ് മീറ്റുകളിൽ ചാമ്പ്യനായി.പക്ഷേ, ഡ്യൂട്ടിക്ക് പുറത്ത് രഞ്ജിത്തും മറ്റൊരു ഉദ്യോഗസ്ഥനായ ജെറി ജോർജും അവൾക്ക് സ്വന്തം അച്ഛനെപ്പോലെയായിരുന്നു. സ്വന്തം കുഞ്ഞിനെ നോക്കുന്ന കരുതലോടെയാണ് അവർ അവളെ വളർത്തിയത്. പൈനാവിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയാലും രഞ്ജിത്തിൻ്റെ മനസ്സ് മുഴുവൻ ക്യാമ്പിലെ കൂട്ടിലുറങ്ങുന്ന ബ്രൂസിനൊപ്പമായിരുന്നു.
പിരിയുന്നതെങ്ങനെ? വിരമിക്കൽ തീയതി അറിയിച്ചുകൊണ്ടുള്ള കത്ത് കൈയ്യിൽ കിട്ടിയപ്പോൾ രഞ്ജിത്തിൻ്റെ ഉള്ളൊന്നു പിടഞ്ഞു. സേനയിലെ നിയമപ്രകാരം വിരമിക്കുന്ന നായ്ക്കളെ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റുകയാണ് പതിവ്. 11 വർഷം തൻ്റെ നിശ്വാസം പോലെ കൂടെ നടന്നവളെ, പ്രായമായ കാലത്ത് ഒരു അഗതിയെപ്പോലെ ഷെൽട്ടർ ഹോമിലേക്ക് അയക്കാൻ ആ പോലീസ് ഉദ്യോഗസ്ഥൻ്റെ മനസ്സ് അനുവദിച്ചില്ല.
പിന്നെ നടന്നത് സ്നേഹം കൊണ്ടുള്ള പോരാട്ടമായിരുന്നു. സേനയിലെ നായയെ നോക്കുന്ന ഹാപ്പൻഡലർക്ക് അതിനെ ഏറ്റെടുക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ടോ എന്നന്വേഷിച്ച് അദ്ദേഹം കുറെ അലഞ്ഞു. ഒടുവിൽ ആ സ്നേഹത്തിന് മുന്നിൽ നിയമം വഴിമാറി. അധികൃതർ അനുമതി നൽകി.
ഇടുക്കി എ.ആർ ക്യാമ്പിൽ വെച്ച് നടക്കുന്ന വിരമിക്കൽ ചടങ്ങിന് ശേഷം, രഞ്ജിത്ത് മോഹൻ്റെ കൈപിടിച്ച് ബ്രൂസ് തൊടുപുഴയിലെ വീട്ടിലേക്ക് വരികയാണ്. സർക്കാർ രേഖകളിൽ അവൾക്ക് പെൻഷൻ പറ്റിയെങ്കിലും, രഞ്ജിത്തിൻ്റെ സ്നേഹത്തണലിൽ അവൾക്കിനി വിശ്രമകാലം.
മനുഷ്യനും മൃഗവും തമ്മിലുള്ള ബന്ധത്തിന് ഭാഷയോ അതിർവരമ്പുകളോ ഇല്ലെന്ന് തെളിയിക്കുകയാണ് രഞ്ജിത്ത്. സല്യൂട്ട് സർ, ഈ നല്ല മനസ്സിന്!


