ഉത്സവത്തിന്റെ ആത്മാവായ ആനയോട്ടം പാരമ്പര്യഗൗരവം സംരക്ഷിച്ച് അഞ്ചാനകളോടെ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് സാഘോഷം നടത്തണം:
ഗുരുവായൂർ: നാട്ടാനകളുടെ എണ്ണത്തിൽ തന്നെ കേരളത്തിലെ ഏറ്റവും വലിയ ഗജകേന്ദ്രമായ ഗുരുവായൂർ ദേവസ്വം ചരിത്രപെരുമയും ഐതിഹാസിക മഹിമയും കൈവരിച്ച ഉത്സവപരമ്പരയുടെ അഭിമാനചിഹ്നമാണ് ആനയോട്ടം. ക്ഷേത്രോത്സവത്തിന് സമാരംഭം കുറിക്കുന്ന ഈ മഹത്തായ ചടങ്ങ് കേവലം നിത്യ എഴുന്നെള്ളിപ്പായി ചുരുക്കാനുള്ള ശ്രമങ്ങൾ ഒഴിവാക്കണമെന്ന് ഡി.സി.സി അംഗം ഒ.കെ.ആർ. മണികണ്ഠൻ ആവശ്യപ്പെട്ടു.
നിലവിൽ ആനയോട്ടത്തിൽ ഓട്ടത്തിന് പങ്കെടുക്കുന്ന ആനകളുടെ എണ്ണം മൂന്നായി നിജപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ, ആ എണ്ണം മാറ്റി അഞ്ചാനകളെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം രംഗത്തെത്തിയത്. ആനപ്രേമികളുടെയും ഉത്സവാസ്വാദകരുടെയും ഇടയിൽ വലിയ ആകർഷണവും ആവേശവും സൃഷ്ടിക്കുന്ന ആനയോട്ടം, ക്ഷേത്രോത്സവത്തിന്റെ ആത്മാവാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആനകളുടെ എണ്ണം കുറച്ച് ചടങ്ങിനെ ഒരു സാധാരണ എഴുന്നെള്ളിപ്പായി മാറ്റുന്നത് ഉത്സവത്തിന്റെ ആചാരഗൗരവത്തെയും പാരമ്പര്യപ്രാധാന്യത്തെയും ദോഷകരമായി ബാധിക്കുമെന്ന് മണികണ്ഠൻ ചൂണ്ടിക്കാട്ടി. ചരിത്രപരമായ നിലപാടുകളും ഉത്സവപരമ്പരയും കണക്കിലെടുത്ത് ആനയോട്ടം പഴയ തനിമയിൽ തന്നെ നടത്താനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, സുരക്ഷാമാർഗ്ഗങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് സാഘോഷം നടത്തുന്നതിൽ യാതൊരു വിട്ടുവീഴ്ചയും വരുത്തരുതെന്നും അദ്ദേഹം വ്യക്തമാക്കി. ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പുവരുത്തി അഞ്ചാനകളോടുകൂടിയ ആനയോട്ടം സംഘടിപ്പിക്കാൻ ദേവസ്വം അധികാരികൾ മുന്നോട്ട് വരണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ഈ ആവശ്യവുമായി ബന്ധപ്പെട്ട് അടിയന്തരമായി ദേവസ്വത്തിന് നിവേദനം സമർപ്പിക്കുമെന്നും അറിയിച്ചു.
ക്ഷേത്രോത്സവങ്ങളുടെ ആത്മീയമഹിമയും സാംസ്കാരികപാരമ്പര്യവും നിലനിർത്തുന്നതിനായി ആനയോട്ടം അതിന്റെ സമഗ്രതയിൽ തന്നെ തുടരേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും, ഭക്തജനങ്ങളുടെയും ആനപ്രേമികളുടെയും വികാരങ്ങളെ മാനിച്ച് ദേവസ്വം യുക്തമായ തീരുമാനം കൈക്കൊള്ളുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
<p>The post ആനയോട്ടത്തിന്റെ ഐതിഹാസിക മഹിമ അഞ്ചാനകളോടെ ആചാരഗൗരവം നിലനിർത്തണം; ഒ.കെ.ആർ. മണികണ്ഠൻ first appeared on guruvayoorOnline.com | Guruvayur Temple.</p>


