വലപ്പാട് ഗ്രാമപഞ്ചായത്തിന്റെ 2025-26 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കായി സംഘടിപ്പിച്ച നീന്തൽ പരിശീലന പരിപാടിക്ക് ആവേശകരമായ തുടക്കം. പൈനൂർ മണപ്പുറം സ്വിമ്മിംഗ് അക്കാദമിയിൽ വെച്ച് നടന്ന ചടങ്ങിൽ വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ മോഹനൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
ഈ വർഷത്തെ പദ്ധതി പ്രകാരം പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 100 കുട്ടികൾക്കാണ് വിദഗ്ധ പരിശീലനം നൽകുന്നത്. കുട്ടികളിൽ കായികക്ഷമതയും ആത്മവിശ്വാസവും വർദ്ധിപ്പിക്കുന്നതിനൊപ്പം ജലാശയങ്ങളിൽ ഉണ്ടായേക്കാവുന്ന അപകടങ്ങളിൽ സ്വയം രക്ഷിക്കാനുള്ള നൈപുണ്യം നേടിയെടുക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. സുമേഷ് പാനാട്ടിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മണപ്പുറം ഫൗണ്ടേഷൻ CEO ജോർജ് ഡി ദാസ് മുഖ്യാതിഥിയായി. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എസ് ഷജിത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. രശ്മി ഷിജോ, ഗ്രാമപഞ്ചായത്ത് മെമ്പർ ജിഷ സജീഷ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.
പദ്ധതി നിർവഹണ ഉദ്യോഗസ്ഥൻ ഇന്ദു പി. ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. പരിശീലനത്തിൽ പങ്കെടുക്കുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.


