PUDUKAD-NEWS-PUTHUKAD-NEWS

മുസിരിസ് ഒയാസിസ് പാർക്ക്: നിർമ്മാണോദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു

കൊടുങ്ങല്ലൂർ: പൈതൃക നഗരമായ കൊടുങ്ങല്ലൂരിന്‍റെ വിനോദസഞ്ചാര ഭൂപടത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് മുസിരിസ് ഒയാസിസ് പാർക്കിന്‍റെ  നിർമ്മാണോദ്ഘാടനവും അനുബന്ധ പ്രവർത്തികള്‍ക്കും  തുടക്കമായി. പൊതുമരാമത്ത്–ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രാദേശിക വിനോദസഞ്ചാര സാധ്യതകൾ ഫലപ്രദമായി വിനിയോഗിച്ച് പ്രദേശത്തിന്‍റെ  സമഗ്ര വികസനത്തിന് ഈ പദ്ധതി വഴിയൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ എം.എൽ.എ അഡ്വ. വി.ആർ. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂരിന്‍റെ   സമ്പന്നമായ ചരിത്രപൈതൃകത്തെ സംരക്ഷിച്ചുകൊണ്ട് ആധുനിക സൗകര്യങ്ങളോടുകൂടിയ വിനോദസഞ്ചാര കേന്ദ്രമായി ഒയാസിസ് പാർക്കിനെ വികസിപ്പിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുസിരിസ് പ്രോജക്ട്സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഷാരോൺ.വി സ്വാഗതം ആശംസിച്ചു. സർക്കാർ–സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഒയാസിസ് പാർക്ക് പദ്ധതിയുടെ വിവിധ ഘട്ടങ്ങളേയും  ലക്ഷ്യങ്ങളേയുംക്കുറിച്ച്  അദ്ദേഹം വിശദീകരിച്ചു. കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ കെ.ആർ. ഹണി പീതാംബരൻ മുഖ്യാതിഥിയായി. നഗരസഭ വൈസ് ചെയർപേഴ്സൺ സുമിത നിസാഫ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.കെ. രാധാകൃഷ്ണൻ, ഷീജ ഹരിദാസ്, രതീഷ്, ലത ഉണ്ണികൃഷ്ണൻ, കെ.കെ. ഹാഷിക് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വാർഡ് കൗൺസിലർമാരായ രേഖ സൽപ്രകാശ്, സന്ധ്യ സദാനന്ദൻ എന്നിവരും മറ്റു ജനപ്രതിനിധികളും രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു. പാർക്കിംഗ് സംവിധാനം, വിശ്രമ കേന്ദ്രങ്ങൾ, കുട്ടികൾക്കായുള്ള പ്രത്യേക കളിസ്ഥലം, കുടുംബ സഞ്ചാരികൾക്കായി വിനോദത്തിനും വിശ്രമത്തിനും അനുയോജ്യമായ സൗകര്യങ്ങള്‍ എന്നിവ ഉൾപ്പെടുത്തിയാണ് പാർക്കിന്‍റെ ഡിസൈൻ തയ്യാറാക്കിയതെന്ന് മുസിരിസ് ഒയാസിസ് പാർക്കിന്‍റെ  ഡിസൈൻ നിർവഹിച്ച റെയ്സ് ഡിസൈൻ കമ്പനിയുടെ പ്രതിനിധി നഹാസ് പറഞ്ഞു.

See also  നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ നാളെ ഹര്‍ത്താല്‍
Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top