തൃശൂർ : മുൻ എം.പിയും കോൺഗ്രസ് നേതാവുമായ ടി.എൻ. പ്രതാപനെതിരെ നഗരമധ്യത്തിൽ രൂക്ഷ വിമർശനവുമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. തൃശൂർ പ്രസ് ക്ലബ് പരിസരത്ത് ‘സേവ് കോൺഗ്രസ്’ എന്ന പേരിലാണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. കെ. കരുണാകരന്റെ കുടുംബത്തെ ചതിച്ച ‘യൂദാസ്’ ആണ് പ്രതാപനെന്നും അദ്ദേഹത്തിന് മാപ്പില്ലെന്നും പോസ്റ്ററുകൾ ആരോപിക്കുന്നു.
തൃശൂരിലെ കോൺഗ്രസിനെ തകർക്കുന്ന കാലനാണ് പ്രതാപനെന്ന കടുത്ത ഭാഷയിലുള്ള വിമർശനമാണ് പോസ്റ്ററുകളിലുള്ളത്. ലീഡറുടെ കുടുംബത്തോട് പ്രതാപന് എന്തിനാണ് ഇത്ര പകയെന്നും, പത്മജ വേണുഗോപാലിനെ തോൽപ്പിച്ച് പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്നും പോസ്റ്റർ കുറ്റപ്പെടുത്തുന്നു.
ഇതിനുപുറമെ കെ. മുരളീധരനെ കൂടെനിന്ന് കുഴിച്ചുമൂടി എന്നും പോസ്റ്ററിലെ വരികളിൽ പറയുന്നു. ടി.എൻ. പ്രതാപനെതിരെ പരസ്യമായ വികാരം പ്രകടിപ്പിക്കുന്ന ഈ പോസ്റ്ററുകൾ ജില്ലയിലെ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴി തെളിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ പാർട്ടി നേതൃത്വം എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.


