കൊടുങ്ങല്ലൂർ : ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ 2026-ലെ മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് തൃശ്ശൂർ റൂറൽ പോലീസ് കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. 2026-ലെ കൊടുങ്ങല്ലൂർ ഭരണി മഹോത്സവത്തോടനുബന്ധിച്ചുള്ള പ്രത്യേക പോലീസ് ഡ്യൂട്ടികൾ മാർച്ച് 15-ന് രാവിലെ ആരംഭിച്ച്, ഉത്സവത്തിന്റെ പ്രധാന ചടങ്ങായ കാവുതീണ്ടൽ നടക്കുന്ന മാർച്ച് 21-ന് അവസാനിക്കുക. ഉത്സവ നഗരിയേയും ക്ഷേത്ര പരിസരത്തെയും വിവിധ സോണുകളായി തിരിച്ചാണ് സുരക്ഷാ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഓരോ സോണിന്റെയും മേൽനോട്ട ചുമതല ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് നൽകിക്കൊണ്ട് തൃശ്ശൂർ റൂറൽ പോലീസ് ജില്ലാ മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്-ന്റെ നേരിട്ടുള്ള നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ പൂർത്തിയാക്കിയത്.
ആചാരപരമായ ചടങ്ങുകൾക്കായി വിവിധ ജില്ലകളിൽ നിന്നും എത്തുന്ന ആയിരക്കണക്കിന് ഭക്തർക്ക് ബുദ്ധിമുട്ടുകൾ നേരിടാത്ത വിധം തിരക്ക് നിയന്ത്രിക്കുന്നതിനും സുഗമമായ ദർശന സൗകര്യം ഉറപ്പാക്കുന്നതിനും പോലീസ് ജാഗരൂകരാണ്. മാല മോഷണം, പോക്കറ്റടി തുടങ്ങിയ കുറ്റകൃത്യങ്ങളും മറ്റ് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനായി ക്ഷേത്രപരിസരമാകെ ഡ്രോൺ നിരീക്ഷണമുൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്തിനിർഭരമായ ചടങ്ങുകൾ സുഗമമായി നടത്തുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി വിപുലമായ പോലീസ് സന്നാഹമാണ് ഇത്തവണ വിന്യസിച്ചിരിക്കുന്നത്.
*സുരക്ഷയ്ക്കായി തൃശ്ശൂർ റൂറൽ പോലീസിന്റെ പ്രധാന സംവിധാനങ്ങൾ:*
• 24 മണിക്കൂർ പോലീസ് കൺട്രോൾ റൂം.
• CCTV സർവൈലൻസ്.
• മൊബൈൽ, ബൈക്ക് പട്രോളിംഗ്.
• മഫ്തി പോലീസ്.
• സ്ത്രീ സുരക്ഷയ്ക്കായി പിങ്ക് പോലീസ്.
• ആൻറി ഡ്രഗ്സ് സർവൈലൻസിനായി DANSAF ടീം.
സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കുന്നതിനും അനധികൃത മദ്യവിൽപ്പന, ലഹരിവസ്തുക്കളുടെ വിപണനം, ഉപയോഗം എന്നിവ തടയുന്നതിനുമായി DANSAF (District Anti-Narcotic Special Action Force), മഫ്തി പോലീസ് എന്നിവരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. ഭരണിക്കാലയളവിൽ കൊടുങ്ങല്ലൂർ ടൗണിലും പരിസര പ്രദേശങ്ങളിലുമായി ഏകദേശം ഒന്നേകാൽ ലക്ഷത്തോളം ഭക്തർ ഒത്തുചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ നിന്നും ഭക്തരുമായി എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി സൗകര്യപ്രദമായ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. തീർത്ഥാടകരുടെ തിരക്ക് പരിഗണിച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും സുഗമമായ വാഹന സഞ്ചാരം ഉറപ്പാക്കുന്നതിനുമായി ഈ പാർക്കിംഗ് കേന്ദ്രങ്ങളിൽ തൃശ്ശൂർ റൂറൽ പോലീസിന്റെ മൊബൈൽ, ബൈക്ക് പട്രോളിംഗ് സംഘങ്ങൾ നിരന്തരമായി നിരീക്ഷിക്കുകയും ചെയ്യും.
*പാർക്കിംഗ് കേന്ദ്രങ്ങൾ*
• എ.പി. ഹോട്ടൽ ഗ്രൗണ്ട്
• ദേശീയപാതയിലെ അനുയോജ്യമായ സ്ഥലങ്ങൾ
• ക്ഷേത്രത്തിന്റെ വടക്കേ നട, തെക്കേ നട, കിഴക്കേ നട എന്നിവിടങ്ങൾ
• മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരം (കാവിൽക്കടവ്)
• കെ.കെ.ടി.എം. (KKTM) കോളേജ് ഗ്രൗണ്ട്
• ചേരമാൻ ഗ്രൗണ്ട്
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് ഇത്തവണയും പ്രത്യേക പരിഗണനയാണ് നൽകിയിട്ടുള്ളത്. ഇതിനായി കൂടുതൽ വനിതാ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതിനൊപ്പം തൃശ്ശൂർ റൂറൽ പിങ്ക് പോലീസിന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. തീരദേശ സുരക്ഷയുടെ ഭാഗമായി ബീച്ച് ഏരിയകളിൽ നിരീക്ഷണം ശക്തമാക്കി. കടലോര ജാഗ്രതാ സമിതിയുടെ സഹകരണത്തോടെ ബോട്ട് പട്രോളിംഗ് ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് സംവിധാനത്തിന് പുറമേ, 24 മണിക്കൂറും ലഭ്യമാകുന്ന ആംബുലൻസ് സംവിധാനവും, മെഡിക്കൽ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ക്രമീകരണങ്ങൾ എന്നിവ ഇത്തവണയും തൃശ്ശൂർ റൂറൽ പോലീസ് ഒരുക്കിയിട്ടുണ്ട്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ഡി വൈ എസ് പി പ്രമോദ് പി കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ബിജോയ് പി ടി എന്നിവരാണ് സുരക്ഷാ ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നത്.


