കയ്‌പമംഗലം : തീരദേശമേഖലയിൽ കാട്ടുപന്നിക്കൂട്ടം ദ്രുതഗതിയിൽ പെരുകുന്നത് പരിഭ്രാന്തി പരത്തുന്നു. കയ്‌പമംഗലം മൂന്നുപീടിക, പെരിഞ്ഞനം കൊറ്റംകുളം പടിഞ്ഞാറ്, കാളമുറി തുടങ്ങിയ മേഖലകളിലാണ് ഈയിടെ കാട്ടുപന്നികളുടെ സാന്നിധ്യം വർധിച്ചത്. ഈ മേഖലയിൽ ഇവ വളരെ പെട്ടെന്ന് പെരുകുന്നതായാണ് സംശയം.
ഇന്ന് രാവിലെ ദേശീയപാതയിൽ മൂന്നുപീടിക ബൈപ്പാസ് റോഡിലെ വഴിയമ്പലം ഭാഗത്ത് കാട്ടുപന്നിക്കൂട്ടം റോഡിലിറങ്ങിയ നിലയിൽ കണ്ടെത്തിയിരുന്നു. ആറിലധികം പന്നികളെയാണ് ഇവിടെ കണ്ടത്. ജനങ്ങൾക്ക് ഭീഷണിയായികൊണ്ടിരിക്കുന്ന ഇവയെ തുടക്കം മുതലേ നശിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഗുരുതരമായ പ്രശ്നങ്ങളിലേക്ക് പോകുമെന്ന് ചൂണ്ടിക്കാണിക്കപെടുന്നു.


