കൊടുങ്ങല്ലൂർ, മതിലകം, കൈപ്പമംഗലം പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്ന് തിരഞ്ഞെടുത്ത 100 ഓട്ടോറിക്ഷാ ഡ്രൈവർ പങ്കെടുത്തു
ഇരിങ്ങാലക്കുട: സംസ്ഥാന പോലീസ് മേധാവി റാവഡ ആസാദ് ചന്ദ്രശേഖർ ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നാല് ഘട്ടങ്ങളിലായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഈ പരിപാടിയുടെ ആദ്യ ഘട്ടം 25-03-2026 തീയതിയിൽ കൊടുങ്ങല്ലൂർ വ്യാപാര ഭവനിൽ വെച്ച് നടന്നു.
പൊതുഗതാഗതം ഉപയോഗിക്കുന്ന യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും, പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിനുമായി സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം തൃശ്ശൂർ റൂറൽ പോലീസ് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് “സേഫ് ഓട്ടോസ് – ഫ്രണ്ട്സ് ഓഫ് പോലീസ്”. പദ്ധതിയുടെ ഒന്നാം ഘട്ട ഉദ്ഘാടനം കൊടുങ്ങല്ലൂർ വ്യാപാര ഭവനിൽ വെച്ച് കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി (DYSP) പ്രമോദ് പി. നിർവ്വഹിച്ചു.
കൊടുങ്ങല്ലൂർ, മതിലകം, കൈപ്പമംഗലം പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്ന് തിരഞ്ഞെടുത്ത 100 ഓട്ടോറിക്ഷാ ഡ്രൈവർമാർക്കാണ് 25-03-2026 തീയതിയിൽ നടന്ന ആദ്യഘട്ട പരിശീലനം നൽകിയത്. ഡ്രൈവർമാരുടെ സാമൂഹിക ഉത്തരവാദിത്തം, യാത്രക്കാരോടുള്ള വിനീതമായ പെരുമാറ്റം, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് ഡി.വൈ.എസ്.പി വിശദമായ ക്ലാസ് നയിച്ചു. പോലീസുമായുള്ള സഹകരണം, അനാവശ്യ ഇടപെടലുകൾ ഒഴിവാക്കൽ, സംശയാസ്പദമായ വിവരങ്ങൾ കൈമാറൽ, കുറ്റകൃത്യങ്ങളിൽ നിന്ന് വിട്ടുനിൽക്കൽ, ട്രാഫിക് നിയമങ്ങൾ പാലിക്കൽ തുടങ്ങിയ വിഷയങ്ങളും പരിശീലനത്തിൽ ചർച്ച ചെയ്തു.
കേരള പോലീസിന്റെ അടിയന്തര സഹായ ഹെൽപ്പ് ലൈൻ നമ്പറായ 112, ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ അറിയിക്കാനുള്ള 1930, ലഹരി സംബന്ധമായ വിവരങ്ങൾ വാട്സ്ആപ്പ് വഴി അറിയിക്കാനുള്ള 9995966666 (യോദ്ധാവ്) എന്നിവ ഉൾപ്പെടുത്തിയ സ്റ്റിക്കറുകൾ ഓട്ടോറിക്ഷകളിൽ പതിപ്പിക്കുകയും, ഇതേ വിവരങ്ങൾ അടങ്ങിയ കീചെയിനുകൾ ഡ്രൈവർമാർക്ക് വിതരണം ചെയ്യുകയും ചെയ്തു. പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന ഈ ഹെൽപ്പ് ലൈൻ നമ്പറുകളെക്കുറിച്ച് പരമാവധി ആളുകളെ ബോധവൽക്കരിക്കാനും, പൊതുഗതാഗത യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ സജീവ സഹകരണം ഉറപ്പാക്കാനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.


