പുതുക്കാട് : 2020 മേയ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പ്രതിക്ക് 19 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. എറണാകുളം മലയാറ്റൂർ വില്ലേജ് സെബിയൂർ വട്ടപ്പറമ്പിൽ സനു (33) വിനെയാണ് ഇരിഞ്ഞാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് വിവീജ സേതു മോഹൻ ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ ഏഴ് മാസം കൂടി കഠിനതടവ് അനുഭവിക്കണം.
പുതുക്കാട് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ആയിരുന്ന ടി.എൻ. ഉണ്ണികൃഷ്ണൻ ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. ഡി എസ് ഐ പോളും അന്വേഷണസംഘത്തിലുണ്ടായിരുന്നു. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 17 സാക്ഷികളെയും 27 രേഖകളെയും ഹാജരാക്കിയിരുന്നു. പ്രതിഭാഗത്തു നിന്ന് ഒരു സാക്ഷിയെയും വിസ്തരിച്ചു.
പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷാവിധി. പിഴസംഖ്യ ഈടാക്കിയാൽ അത് അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നൽകാനും, അത് കൂടാതെ മതിയായ നഷ്ടപരിഹാരം ഉറപ്പാക്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി. ലെയ്സൺ ഓഫീസർ ജി എ എസ് ഐ ടി.ആർ. രജനി നടപടികൾ ഏകോപിപ്പിച്ചു. പ്രതിയെ തൃശ്ശൂർ ജില്ലാ ജയിലിലേക്ക് റിമാന്റ് ചെയ്തു.


