ഇരിങ്ങാലക്കുട : കോന്തിപുലം പാടത്ത് മാലിന്യം നിക്ഷേപിച്ചയാളെ കണ്ടെത്തി പിഴ ചുമത്തി. ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗം, ജൈവ അജൈവ മാലിന്യങ്ങൾ കൂട്ടിക്കലർത്തി പൊതുസ്ഥലത്ത് നിക്ഷേപിച്ച പുതുക്കാട് ന്യൂ കട്ടൻസ് ഫുഡ് ഹബ്ബ് എന്ന സ്ഥാപനത്തിനാണ് 10000 രൂപ പിഴ ചുമത്തിയത്.
പ്രസ്തുത സ്ഥലത്ത് സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്നതായി പരാതിയുള്ളതിന്റെ അടിസ്ഥാനത്തിൽ നഗരസഭ ഹെൽത്ത് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് മാലിന്യം നിക്ഷേപിച്ചയാളെ കണ്ടെത്തിയത്. ഹെൽത്ത് സ്‌ക്വാഡിന് നഗരസഭ ക്ലീൻ സിറ്റി മാനേജർ എസ്. ബേബി നേതൃത്വം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ എ. നിസാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനന്തു ലാൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.


