കിഴുപ്പിള്ളിക്കര : വനിതാ ഹോട്ടലിനും ഉടമയ്ക്കും നേരെ ആക്രമണം നടത്തിയ ഫിറ്റ്‌നസ് പരിശീലകൻ അറസ്റ്റിൽ. കിഴുപ്പിള്ളിക്കര കൈതപ്പുഴ ജിയോഷ് (24) ആണ് അറസ്റ്റിലായത്. കിഴുപ്പിള്ളിക്കരയിൽ ശനിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. വനിത നടത്തുന്ന മദ്രാസ് കഫേ എന്ന ഹോട്ടലിന്റെ ചില്ലുകൾ എറിഞ്ഞ് തകർക്കുകയും ഉടമയെ ഭീഷണിപ്പെടുത്തി മർദ്ദിക്കുകയുമായിരുന്നു.
ഇതേ തുടർന്ന് കടയുടമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സ്ഥാപനത്തിന്റെ ചില്ലും, കിഴുപ്പിള്ളിക്കരയിൽ റോഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും ഇയാൾ മുൻപൊരിക്കൽ തകർത്തിരുന്നു. നാളുകളായി മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ റിമാന്റ് ചെയ്തു.


