ചേർപ്പ് : വെങ്ങിണിശ്ശേരിയിൽ മദ്യപാനത്തിനിടെ സുഹൃത്തിൻ്റെ മർദ്ദനമേറ്റ് ഗൃഹനാഥൻ കൊല്ലപ്പെട്ട കേസിൽ അയൽവാസിയായ പ്രതി അറസ്റ്റിൽ. വെങ്ങിണിശേരി പുത്തൂർ വീട്ടിൽ പ്രിൻ്റോ ഫ്രാൻസിസ് (42) ആണ് അറസ്റ്റിലായത്. വെങ്ങിണിശേരി തേറാട്ടിൽ രാജു ജോർജിനെയാണ് ഇയാൾ മർദ്ദിച്ച് കൊലപ്പെടുത്തിയത്.
വ്യാഴാഴ്ച രാത്രി നാല് സുഹൃത്തുക്കൾ ഒന്നിച്ച് രാജുവിൻ്റെ വീടിൻ്റെ പിൻഭാഗത്തെ ഒഴിഞ്ഞ മുറിയിൽ മദ്യപാനം തുടങ്ങുകയും പിന്നീട് പുലർച്ചെ 2 മണിക്ക് മുൻപായി നാല് സുഹൃത്തുക്കൾ മടങ്ങി പോയിരുന്നു. ഇതിനെ പിന്നാലെയാണ് രാജുവും പ്രിൻ്റോയും ചേർന്ന് മദ്യപിക്കുന്നതിനിടിയിൽ രാജുവിൻ്റെ മകളെ കുറിച്ച് പ്രിൻ്റോ അപമര്യാദയായി പെരുമാറിയിതിനെ ചൊല്ലിയുണ്ടായ വാക്ക് തർക്കമാണ് മർദ്ദനത്തിലും പിന്നീട് കൊലപാതകത്തിലും കലാശിച്ചത്.
ദുബായിലെ കമ്പനിയിൽ ഇലക്ട്രീഷ്യൻ ജീവനക്കാരനായിരുന്നു രാജു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ദുബായിൽ നിന്ന് നാട്ടിലെത്തിയത്. രണ്ടാഴ്ചത്തെ അവധി കഴിഞ്ഞ് തിരിച്ച് പോകാനിരിക്കെയാണ് ദാരുണമായ കൊലപാതകം നടന്നത്. പ്രതി പ്രിൻ്റോ ഫ്രാൻസിസിനെ സംഭവം നടന്ന ദിവസം തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിയെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.

