ഇരിങ്ങാലക്കുട : നടവരമ്പ് ഐക്കരക്കുന്ന് റേഷൻ കടയ്ക്ക് സമീപം വെച്ച് ബിജെപി നേതാവിനെ കുത്തി പരിക്കേല്പിച്ച സംഭവത്തിൽ കൂട്ടു പ്രതികളും വധശ്രമമുൾപ്പടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളുമായ രണ്ടുപേരെ കൂടി പിടികൂടി. കോലോത്തുംപടി കളത്തേരി വീട്ടിൽ സുരേഷ് (60) എന്നയാളെയാണ് കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്.
സംഭവത്തിൽ വധശ്രമമുൾപ്പടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ കൊറ്റനെല്ലൂർ പാണ്ടിപ്പറമ്പിൽ വീട്ടിൽ അമൽ (28), കൊറ്റനെല്ലൂർ ആലങ്ങാടൻ വീട്ടിൽ അരുൺ (28) എന്നിവരെയാണ് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷൻ റൌഡിയും 2024ലും 2025ലും കാപ്പ പ്രകാരം നാടുകടത്തിയതും കാപ്പ പ്രകാരം ജയിലിലടക്കാനുള്ള നടപടി നടന്നുവരുന്നതും 5 വധശ്രമകേസ് അടക്കം 10 ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഡോക്ടർപടി സ്വദേശി ചെമ്പറമ്പത്ത് വീട്ടിൽ സലോഷ് (31) എന്നയാളെ സംഭവം നടന്ന ദിവസം തന്നെ പിടികൂടിയിരുന്നു.
സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ട അരുണും അമലും വെള്ളിയാഴ്ച രാവിലെ ബസിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് സംഘം പിടികൂടിയത്. പ്രതികളെ നടപടിക്രമങ്ങൾക്കു ശേഷം കോടതിയിൽ ഹാജരാക്കും. വ്യാഴാഴ്ച വൈകീട്ട് 4.30 മണിയോടെയായിരുന്നു സംഭവം.
ഐക്കരക്കുന്ന് റേഷൻ കടയ്ക്ക് സമീപം വെച്ച് പ്രതിയായ സലോഷും സുഹൃത്തുക്കളായ അമൽ, അരുൺ എന്നിവർ ചേർന്ന് സുരേഷിനെ തടയുകയും വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ആക്രമിച്ച് കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് സുരേഷിനെ കുത്തുകയുമായിരുന്നു. അമൽ ആളൂർ, കാട്ടൂർ പൊലീസ് സ്റ്റേഷനുകളിലായി ഒരു വധശ്രമക്കേസും ഒരു അടിപിടി കേസും കഞ്ചാവ് ഉപയോഗിച്ച ഒരു കേസും അടക്കം മൂന്ന് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
അരുൺ ആളൂർ, ഇരിങ്ങാലക്കുട, കാട്ടൂർ സ്റ്റേഷനുകളിലായി രണ്ട് വധശ്രമ കേസും പോതുസ്ഥലത്ത് മദ്യപിച്ച് ശല്യമുണ്ടാക്കിയതിന് ഒരു കേസും അടക്കം നാല് ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ഇരിങ്ങാലക്കുട ഡിവൈഎസ്പി എം. സന്തോഷ് കുമാർ, ഇരിങ്ങാലക്കുട ഇൻസ്പെക്ടർ ടി. ദിലീഷ്, എസ്ഐമാരായ ടി. അഭിലാഷ്, മുഹമ്മദ് ബാഷി, എഎസ്ഐ ഇ.എസ്. ജീവൻ, അൻവർ, സീനിയർ സിപിഒമാരായ എം.എൽ. വിജോഷ്, രഞ്ജിത്ത്, ടി.എ. തോമാച്ചൻ, എം.എസ്. സുജിത്, ടി.ജെ. സതീഷ്, കെ.എസ്. അർജുൻ, മുരളീകൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.




