അന്തിമ പോളിങ് ശതമാനത്തിന്‍റെ കണക്ക് പുറത്തുവിടാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ; ആകെ വോട്ട് ചെയ്തവരുടെ എണ്ണവുമില്ല

അന്തിമ പോളിങ് ശതമാനത്തിന്‍റെ കണക്ക് പുറത്തുവിടാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ; ആകെ വോട്ട് ചെയ്തവരുടെ എണ്ണവുമില്ല

കേരളത്തില്‍ വോട്ടെടുപ്പ് കഴിഞ്ഞ് രണ്ടുദിവസം പിന്നിട്ടിട്ടും അന്തിമ പോളിങ് ശതമാനം ഔദ്യോഗികമായി പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ.ഹോം വോട്ടുകളും പോസ്റ്റല്‍ വോട്ടുകളും ഉള്‍പ്പെടുത്തിയുള്ള കൃത്യമായ കണക്കുകള്‍ ലഭ്യമാകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. വ്യാഴാഴ്ച വോട്ടെടുപ്പ് ദിവസം ബൂത്തുകളിലെത്തി വോട്ട് ചെയ്തവരുടെ കണക്കുകള്‍ മാത്രമാണ് കമ്മീഷൻ നിലവില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ജില്ലാ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ക്രോഡീകരിക്കുന്നതിലെ കാലതാമസമാണ് കണക്കുകള്‍ വൈകാൻ കാരണമായി കമ്മീഷൻ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. രണ്ടു ദിവസത്തിനുള്ളില്‍ അന്തിമ കണക്ക് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചിരുന്നെങ്കിലും, അവധി ദിവസങ്ങളും ഡാറ്റാ എൻട്രിയിലെ സങ്കീർണതകളും നടപടികള്‍ വൈകിപ്പിച്ചു. ആകെ വോട്ട് ചെയ്തവരുടെ എണ്ണത്തില്‍ ഇനിയും വ്യക്തത വരാത്തത് രാഷ്ട്രീയ പാർട്ടികള്‍ക്കിടയിലും ആശങ്കയുണ്ടാക്കുന്നുണ്ട്.

പോളിങ് ഉദ്യോഗസ്ഥരുടെ വോട്ടുകളെ ചൊല്ലിയാണ് പ്രധാനമായും തർക്കങ്ങള്‍ നിലനില്‍ക്കുന്നത്. വോട്ടെടുപ്പിന് തലേദിവസം വരെ 45 ശതമാനം ഉദ്യോഗസ്ഥർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയിരുന്നത്. ബാക്കിയുള്ളവർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം ഒരുക്കുമെന്ന് കമ്മീഷൻ ഉറപ്പ് നല്‍കിയിരുന്നെങ്കിലും, ഏകദേശം 20,000ത്തോളം ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാനായില്ലെന്ന് സർവീസ് സംഘടനകള്‍ ആരോപിക്കുന്നു. ഇക്കാര്യം ഉന്നയിച്ച്‌ സംഘടനകള്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

നിലവിലെ സൂചനകള്‍ പ്രകാരം സംസ്ഥാനത്തെ പോളിങ് 78 ശതമാനത്തിന് മുകളിലാണ്. ഹോം വോട്ടുകളും പോസ്റ്റല്‍ വോട്ടുകളും കൂടി ചേരുന്നതോടെ ഇത് 80 ശതമാനം കടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ 1987ന് ശേഷം കേരളം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വോട്ടിങ് ശതമാനമായി ഇത് മാറും. വോട്ടിങ് ശതമാനം ഉയർത്താൻ കമ്മീഷൻ നടത്തിയ വിപുലമായ പ്രചാരണങ്ങളുടെ വിജയമായാണ് ഇതിനെ കാണുന്നത്.

See also  ബോയ്‌സ് സ്‌കൂൾ ഗ്രൗണ്ടിനു ചുറ്റും പുല്ലും കാടും : ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് കടന്നൽ കുത്തേറ്റു ; നഗരസഭയ്ക്ക് കത്ത് നൽകി യൂത്ത് ഫ്രണ്ട്

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top