തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടിയിലെ ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണറുമായി സംസാരിച്ചുവെന്ന് സുരേഷ് ഗോപി എം പി പറഞ്ഞു. നാളെ ഗവർണറെ കണ്ട് കാര്യങ്ങൾ സംസാരിക്കുമെന്നും അതുമാത്രമാണ് ഇപ്പോൾ ചെയ്യാനാവുന്നതെന്നും അദ്ദേഹം പറഞ്ഞു.നിതിൻ രാജിൻ്റെ വീട്ടിലെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.അതേസമയം നിതിൻ രാജിൻ്റേത് ആത്മഹത്യ അല്ലെന്നും കൊലപാതകമാണെന്നും പിതാവ് രാജൻ ആവർത്തിച്ചു. നിലവിൽ പ്രതികളായ അധ്യാപകർക്ക് മാത്രമല്ല ലത എന്ന അധ്യാപികയ്ക്കും കമൽ എന്ന ഹോസ്റ്റൽ വാർഡനും മകൻ്റെ മരണത്തിൽ പങ്കുണ്ടെന്നും പിതാവ് ആരോപിച്ചു.
‘എന്തിനാണ് മകനെ ഇരുട്ട് മുറിയിൽ അടച്ചത്. പലതവണയായി മകൻ നൽകിയ പരാതികൾ പ്രിൻസിപ്പൽ പൂഴ്ത്തിവെച്ചു. മകൻ കോളേജിൽ എത്തി ഒരു മാസം മുതൽ റാഗിംഗ് നേരിട്ടു. പല വസ്ത്രങ്ങൾ ഇടാൻ പോലും സമ്മതിച്ചില്ല. ടി ഷർട്ട് ഇട്ടതുപോലും ഊരിപ്പിച്ചു. അന്ന് തുടങ്ങിയതാണ് ഈ ക്രൂരത. കുളിക്കാൻ പോലും സമ്മതിച്ചില്ല. തുണി അലക്കാൻ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വന്നു’വെന്നും പിതാവ് ആരോപിച്ചു.എച്ച്ഒഡി മൃഗീയമായി മകനെ അധിക്ഷേപിച്ചു. കണ്ണാടിയിൽ നോക്കാൻ പോലും പറഞ്ഞു. തന്റെ മകന് എന്തായിരുന്നു ഒരു കുറവ്. എല്ലാവരുടേയും മുന്നിൽവെച്ച് പുഴുത്ത പട്ടി എന്ന് വരെ വിളിച്ചു. ജീവനോടെ എങ്കിലും മകനെ തരാമായിരുന്നു. മകനെ പറ്റി എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അത് കുടുംബത്തെ അറിയിക്കാമായിരുന്നു. മെറിറ്റിൽ അഡ്‌മിഷൻ കിട്ടിയ ആളാണ് മകൻ.സിദ്ധാർത്ഥിനെപ്പോലെ തൻ്റെ മകനേയും കൊന്നുവെന്നും പിതാവ് പറഞ്ഞു.
ഈ മാസം 10നാണ് നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കിയതായി കുടുംബം അറിയുന്നത്. മരിച്ച ദിവസം രാവിലെ പതിനൊന്ന് മണിയ്ക്ക് ഭക്ഷണം കഴിക്കാൻ പൈസ വേണമെന്ന് സഹോദരിയെ വിളിച്ച് നിതിൻ ആവശ്യപ്പെടുകയും അവർ അയച്ചുകൊടുക്കുകയും ചെയ്‌ിരുന്നു. പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല. ഉച്ചയ്ക്ക് ഒന്നരയോടെ കോളേജിൽ നിന്ന് ഒരു അധ്യാപിക വിളിച്ച് നിതിൻ കെട്ടിടത്തിൽ നിന്ന് വീണ് അപകടം പറ്റിയിട്ടുണ്ട് ഉടൻ വരണമെന്ന് അമ്മ ലതയോട് പറയുകയായിരുന്നു. കുട്ടി മരിച്ച വിവരം പോലും കോളേജ് അധികൃതർ വിളിച്ചുപറഞ്ഞില്ല. വാർത്ത കണ്ട് ബന്ധുക്കൾ വിളിച്ചപ്പോഴാണ് വിവരമറിഞ്ഞതെന്ന് കുടുംബം ആരോപിച്ചു.

