സംസ്ഥാനത്ത് മണ്ണ് നീക്കം ചെയ്യാനുള്ള അനുമതിയുടെ മറവില്‍ വൻ ക്രമക്കേടും അഴിമതിയുമെന്ന് വിജിലൻസ് കണ്ടെത്തല്‍

സംസ്ഥാനത്ത് മണ്ണ് നീക്കം ചെയ്യാനുള്ള അനുമതിയുടെ മറവില്‍ വൻ ക്രമക്കേടും അഴിമതിയുമെന്ന് വിജിലൻസ് കണ്ടെത്തല്‍

സംസ്ഥാനത്ത് മണ്ണ് നീക്കം ചെയ്യാനുള്ള അനുമതിയുടെ മറവില്‍ വൻ ക്രമക്കേടും അഴിമതിയുമെന്ന് വിജിലൻസ് കണ്ടെത്തല്‍.സർക്കാർ ഓഫീസുകളില്‍ നടത്തിയ പരിശോധനയില്‍ മണ്ണ് ഇടപാടുകാരില്‍ നിന്ന് നാലര ലക്ഷത്തോളം രൂപ കൈക്കൂലിയായി കൈപ്പറ്റിയ പതിനാല് ഉദ്യോഗസ്ഥ‍ർക്ക് പിടിവീണു. കെട്ടിട നിർമാണത്തിനെന്ന പേരില്‍ അനുമതി വാങ്ങി വൻ തോതില്‍ മണ്ണ് കടത്തുന്നുവെന്നാണ് വിജിലൻസ് കണ്ടെത്തിയത്.

വിജിലൻസിന്‍റെ ഓപ്പറേഷൻ എർത്ത് ഗാർഡിലാണ് വൻ ക്രമക്കേടും അഴിമതിയും കണ്ടെത്തിയത്. സംസ്ഥാനത്തെ 72 ഓഫീസുകളിലും മണ്ണ് നീക്കം ചെയ്യാൻ അനുമതി നല്‍കിയ 360 സ്ഥലങ്ങളിലാണ് ഇന്നലെ പരിശോധന നടന്നത്. മൈനിങ് ആന്‍റ് ജിയോളജി വകുപ്പിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും ഓഫീസുകളിലെ പതിനാല് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയെന്ന് വിജിലൻസ് കണ്ടെത്തി. 4.69 ലക്ഷം രൂപയാണ് മണ്ണ് ഇടപാടുകാരില്‍ നിന്നും അപേക്ഷകരില്‍ നിന്നും ഇവർ യുപിഐ മുഖേന കൈപ്പറ്റിയത്. ക്ലർക്ക്, ടെക്നിക്കല്‍ അസിസ്റ്റന്‍റ്, മിനറല്‍ റവന്യൂ ഇൻസ്പെക്ടർ, പഞ്ചായത്ത് സെക്രട്ടറി മുതല്‍ ഡ്രൈവർമാർ വരെ കൈക്കൂലി വാങ്ങുന്നു. അനുവദിച്ചതിലും കൂടുതല്‍ അളവിലാണ് പലയിടത്തും മണ്ണെടുത്തത്. കെട്ടിട നിർമാണത്തിന്‍റെ മറവില്‍ മാഫിയ സംഘങ്ങള്‍ കുന്നുകളിടിച്ച്‌ വൻ തോതില്‍ മണ്ണ് കടത്തുന്നുവെന്നാണ് കണ്ടെത്തല്‍. കെട്ടിടം നിർമിക്കാൻ മണ്ണെടുക്കാൻ അനുമതി വാങ്ങിയാല്‍ ഒരു വർഷത്തിനുള്ളില്‍ കെട്ടിടം പണിയണമെന്നുണ്ട്. ഈ ചട്ടവും പാലിക്കുന്നില്ല. വീട് വയ്ക്കാൻ പെർമിറ്റ് സ്വന്തമാക്കിയ ശേഷം വൻ തോതില്‍ മണ്ണ് നീക്കം ചെയ്ത് പ്ലോട്ടുകളാക്കി വില്‍പ്പന നടത്തുന്നുവെന്നും വിജിലൻസ് കണ്ടെത്തി. ഡെവലപ്മെന്‍റ് പെർമിറ്റുകളുടെ മറവിലും മണ്ണ് കടത്തുന്നുണ്ട്.

കൈക്കൂലി വാങ്ങി ഉദ്യോഗസ്ഥർ നിയമലംഘനങ്ങള്‍ക്ക് കണ്ണടയ്ക്കുമ്പോള്‍ സർക്കാരിന് വൻ നഷ്ടമാണ് ഉണ്ടാവുന്നത്. ചട്ടം പാലിക്കാതെ മണ്ണ് നീക്കം കണ്ടെത്തിയ സ്ഥലങ്ങളില്‍ പിഴ ഈടാക്കാൻ വസ്തു ഉടമകള്‍ക്ക് നോട്ടീസ് നല്‍കും. റോയല്‍റ്റിയുടെ അഞ്ചിരട്ടിയോളം ഈടാക്കും. ഉദ്യോഗസ്ഥരുടെയും ഇടനിലക്കാരുടെയും സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാനും പരിശോധന തുടരാനുമാണ് വിജിലൻസ് തീരുമാനം.

See also  എൻ.എസ്.എസ്. താലൂക്ക് യൂണിയൻ ചട്ടമ്പിസ്വാമികളുടെ സമാധി ദിനം ആചരിച്ചു

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top