തളിക്കുളം : സഖാവ് ടിപി ചന്ദ്രശേഖരൻ്റെ പതിനാലാമത് രക്തസാക്ഷിദിനത്തിൻ്റെ ഭാഗമായി ആർഎംപിഐ തളിക്കുളം ലോക്കൽ കമ്മിറ്റി തളിക്കുളം സെൻ്ററിൽ പൊതുയോഗം സംഘടിപ്പിച്ചു. നീതിമാൻ്റെ ചോരക്ക് ജനങ്ങളുടെ കണക്ക് വീട്ടൽ കൂടിയാണ് പതിനാലാമത് ടിപി രക്തസാക്ഷി ദിനമായ മെയ് നാലിന് കേരളത്തിൽ സംഭവിക്കാൻ പോകുന്നത്. നരേന്ദ്രമോദിയുടെ തണലിൽ കഴിഞ്ഞിരുന്ന വിജയൻ സർക്കാരിനെതിരെയുള്ള ജനങ്ങളുടെ ശക്തമായ പ്രതിഷേധം കൂടി ആയിരിക്കും വോട്ടൽ ദിനത്തിൽ കേരളം കാണുക.
അധ്വാനിക്കുന്ന ജനങ്ങളുടെ വളർച്ചയ്ക്ക് മങ്ങൽ ഏൽപ്പിച്ചു കൊണ്ട് അദാനിക്ക് അതിവേഗത്തിൽ വളരാനാവശ്യമായ രീതിയിൽ നമ്മുടെ തീരദേശ മേഖലയെ അടക്കം വിൽക്കപ്പെടുകയാണ്. വമ്പൻ കോർപ്പറേറ്റുകൾക്ക് എതിരായ ശക്തമായ രാഷ്ട്രീയമാണ് സഖാവ് ടിപി ചന്ദ്രശേഖരൻ്റെ നേതൃത്വത്തിൽ കേരളത്തിൽ ഉയർന്നു വന്നത്. അതിൻ്റെ ഭാഗമായിട്ട് കൂടിയാണ് ദേശീയ പാത വിഷയത്തിൽ സ്ഥലം നഷ്‌ടപ്പെട്ട ജനങ്ങൾക്ക് നഷ്‌ടപരിഹാരം ലഭ്യമാകുന്നതിന് കാരണമായത്. ഈ സമരം സഖാവ് ടിപി ചന്ദ്രശേഖരൻ്റെ നേതൃത്വത്തിലാണ് കേരളത്തിൽ ആരംഭിച്ചത്.
ചുങ്കപാതകൾക്കെതിരായ നിലപാട് സ്വീകരിക്കാൻ സാധിക്കാതെ ചുങ്കപാതകൾക്ക് ഇളവ് യാജിച്ചു ഇടപക്ഷ മൂല്യങ്ങൾ കയ്യൊഴിഞ്ഞ, രക്തസാക്ഷികൾക്ക് വേണ്ടി പിരിച്ച ഫണ്ട് അടിച്ചു മാറ്റുന്ന പാർട്ടിയായി സിപിഐഎം മാറി തീർന്നു.
യോഗത്തിൽ ആർഎംപിഐ തളിക്കുളം ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.എ.സഫീർ അധ്യക്ഷത വഹിച്ചു. ആർഎംപിഐ നാട്ടിക മേഖല സെക്രട്ടറി കെ.എസ്.ബിനോജ്, ഇ.വി.ദിനേഷ്കുമാർ, പി.ബി രഘുനാഥൻ, ഇ.വി.എസ്.സ്മിത്ത് എന്നിവർ സംസാരിച്ചു.



