പാവറട്ടി : പുളിഞ്ചേരിപ്പടിയിൽ പട്ടാപ്പകൽ വീട്ടിൽ കയറി വൻ മോഷണം. പുലിക്കോട്ടിൽ ജോമോന്റെ വീട് തള്ളിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന ഏകദേശം 10 പവനോളം സ്വർണം മോഷണം പോയതായി പരാതി.
ജോമോനും ഭാര്യയും ജോലിക്കാരായതിനാൽ ബുധനാഴ്ച രാവിലെ 10 മണിയോടെ വീട്ടിൽ നിന്ന് ജോലിക്കായി പുറപ്പെട്ടിരുന്നു. വൈകീട്ട് 5 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വീടിന്റെ പിൻവശത്തെ വാതിൽ തള്ളി തുറന്ന നിലയിലായിരുന്നു.
വീട്ടിനുള്ളിലെ സ്റ്റീൽ അലമാരയിൽ രണ്ട് ചെപ്പുകളിലായി സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളിൽ ഒരു ചെപ്പിലുണ്ടായിരുന്ന ആഭരണങ്ങളാണ് മോഷ്ടാവ് എടുത്ത് കടന്നുകളഞ്ഞത്. സമീപത്ത് മറ്റു സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നെങ്കിലും അവ സ്പർശിക്കാതെയാണ് മോഷ്ടാവ് അതിവേഗം രക്ഷപ്പെട്ടതെന്ന് വീട്ടുകാർ പറഞ്ഞു.
മാല, വള ഉൾപ്പെടെയുള്ള സ്വർണാഭരണങ്ങളാണ് നഷ്ടമായത്. സംഭവത്തിൽ പാവറട്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഡോഗ് സ്ക്വാഡും ഫിംഗർപ്രിന്റ് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.</p>



