തൃശൂർ : 2024 വർഷം മുതൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന കൊലപാതക കേസിലെ പ്രതിയായ നെന്മണിക്കര മടവാക്കര സ്വദേശിയായ കുന്നൻ വീട്ടിൽ കൊച്ചുപോൾ എന്നുവിളിക്കുന്ന രവി (63) എന്നയാളെയാണ് ഈസ്റ്റ് പോലീസ് അന്വേഷണ സംഘം പിടികൂടിയത്.
11.01.2024 തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശ്ശൂർ കൊക്കാല ദേശത്ത് അടക്ക മാർക്കറ്റ് റോഡിൻെറ തെക്ക് വശത്തുള്ള കെട്ടിടത്തിനകത്ത് വെച്ച് ബന്ധുവായ പോൾ എന്നയാളുമായി മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് പോൾ മർദ്ദിച്ചതിൻെറ വിരോധത്താൽ പോളിനെ കൊല്ലണമെന്നുളള ഉദ്ദേശത്തോടും കരുതലോടും കൂടി സ്ഥലത്ത് ഉണ്ടായിരുന്ന മരക്കട്ട ഉപയോഗിച്ച് ഗുരുതരപരിക്കേൽപ്പിച്ച് കൊലപെടുത്തുകയായിരുന്നു.
ഈ കേസിലെ പ്രതിയെ പിടികൂടി കോടതി റിമാൻറ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ ഇറങ്ങിയ പ്രതി കേരളം വിട്ട് ഒളിവിൽ പോവുകയായിരുന്നു. പിന്നീടുള്ള അന്വേഷണത്തിലും ലഭിച്ച രഹസ്യവിവരത്തേയും തുടർന്ന് കേരളത്തിലേക്ക് തിരിച്ചെത്തിയ പ്രതിയെ ഒല്ലൂരിൽ നിന്നും പിടികൂടുകയായിരുന്നു.
തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് െഎ പി എസിൻെറ നിർദ്ദേശത്തിലും അസിസ്റ്റൻറ് കമ്മീഷണർ ശശീധരൻെറ നേതൃത്വത്തിലുമുണ്ടായിരുന്ന അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ കിരൺ സി നായർ, സബ് ഇൻസ്പെക്ടർമാരായ റെജിൻ രാജ്, വരുൺ, സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്, ധനേഷ്, അജ്മൽ എന്നിവരാണ് ഉണ്ടായിരുന്നത്.



