PUDUKAD-NEWS-PUTHUKAD-NEWS

മദ്യപാനത്തിനിടയിലെ തർക്കം : എടത്തിരുത്തിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയെ മണിക്കുറുകൾക്കകം പിടികൂടി.

എടത്തിരുത്തി: മദ്യപാനത്തിനിടയിലുണ്ടായ തർക്കത്തെ തുടർന്ന് എടത്തിരുത്തിയിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ അയൽവാസിയും സുഹൃത്തുമായ പ്രതിയെ തൃശ്ശൂർ റൂറൽ പോലീസ് മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തു.
എടത്തിരുത്തി അയ്യമ്പിടി കനാൽ കാളിക്കുട്ടി സാംസ്‌കാരിക നിലയത്തിനു സമീപം വട്ടപ്പുള്ളി വീട്ടിൽ അനീഷ് (43) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയും സുഹൃത്തുമായ അയ്യമ്പിള്ളി കൊട്ടാരത്തിൽ വീട്ടിൽ അനൂപിനെയാണ് (42) തൃശ്ശൂർ റൂറൽ പോലീസ് പിടികൂടിയത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
തൃശ്ശൂർ എക്സൈസ് അക്കാദമിയിലെ താൽക്കാലിക പാചക തൊഴിലാളിയാണ് കൊല്ലപ്പെട്ട അനീഷ്. പ്രതിയായ അനൂപ് കോൺക്രീറ്റ് തൊഴിലാളിയാണ്. 2026 മേയ് 17 ഞായറാഴ്ച രാത്രി എട്ടു മണിയോടെ അനീഷിന്റെ വീടിന് മുന്നിലെ റോഡിലായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഞായറാഴ്ച വൈകീട്ട് ഏഴു മണിയോടെ അനീഷും അനൂപും ഉൾപ്പെടെ അഞ്ചംഗ സുഹൃത്തുക്കൾ അയ്യമ്പിടിയിലെ സുഹൃത്തിന്റെ വീട്ടിലിരുന്ന് മദ്യപിച്ചിരുന്നു.
അവിടെ നിന്ന് പുറത്തിറങ്ങിയ ശേഷം രാത്രി എട്ടുമണിയോടെ അനീഷും അനൂപും തമ്മിലുണ്ടായ തർക്കത്തെ തുടർന്നുള്ള വൈരാഗ്യത്താൽ അനൂപ് അനീഷിനെ ആക്രമിക്കുകയും കൈയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അനീഷിന്റെ വയറ്റിൽ കുത്തുകയായിരുന്നു. കുത്തേറ്റ അനീഷിന്റെ നിലവിളി കേട്ട് തൊട്ടടുത്ത് താമസിക്കുന്ന ജ്യേഷ്ഠൻ സന്തോഷും പരിസരവാസികളും ഓടിയെത്തി ഉടൻ തന്നെ ആംബുലൻസിൽ വലപ്പാട് ദയ ആശുപത്രിയിൽ എത്തിച്ചു.
എന്നാൽ പരിക്ക് അതീവ ഗുരുതരമായതിനാൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തെങ്കിലും, മെഡിക്കൽ കോളേജിലേക്കുള്ള യാത്രാമധ്യേ അനീഷ് മരണപ്പെടുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതി അനൂപിനെ അയ്യമ്പിടി ഉന്നതിയിലെ ബന്ധുവീട്ടിൽ നിന്നുമാണ് തൃശ്ശൂർ റൂറൽ പോലീസ് പിടികൂടിയത്.
അനൂപ് കൈപമംഗലം, മതിലകം, കാട്ടൂർ പോലീസ് സ്റ്റേഷനുകളിലായി ഒരു വധശ്രമക്കേസിലും, മൂന്ന് അടിപിടിക്കേസിലും, ലഹരിക്കടിമപ്പെട്ട് പൊതുസ്ഥലത്ത് ജനങ്ങൾക്ക് ശല്യമുണ്ടാക്കിയ ഒരു കേസിലും അടക്കം അഞ്ച് ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
കയ്പമംഗലം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ബിജിത്ത്, എസ് ഐ പദ്മരാജൻ, എസ് ഐ ജോഷ്യർ, എസ് ഐ അജാസുദീൻ, സി പി ഒ ഷിജു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Spread the love
See also  കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ഒരാൾ മരിച്ചു; മൂന്നു പേർക്ക് പരിക്ക്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top